നീലേശ്വരം: മതിയായ സൗകര്യമൊരുക്കാതെയും ആശയവിനിമയം നടത്താതെയും ഭിന്നശേഷിക്കാർക്കായി നടത്തിയ മെഡിക്കൽ ക്യാമ്പ് പ്രതിഷേധത്തിനിടയാക്കി.
കിനാനൂർ - കരിന്തളം പഞ്ചായത്തിൽ ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മെഡിക്കൽ ക്യാമ്പും സർട്ടിഫിക്കറ്റ് വിതരണവുമാണ് പ്രതിഷേധത്തിനിടയാക്കിയത്. സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പാക്കുന്ന മെഡിക്കൽ ക്യാമ്പ് അംഗൻവാടി വർക്കർമാർ മുഖേനയാണ് ഭിന്നശേഷിക്കാരെ അറിയിച്ചത്. മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യാൻ ഗുണഭോക്താക്കളെ കണ്ടെത്താനായാണ് ക്യാമ്പ് നടത്തിയത്. ആധാർകാർഡ്, റേഷൻ കാർഡ്, വികലാംഗ സർട്ടിഫിക്കറ്റ് എന്നിവയുമായി എത്തണമെന്നറിയിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ മുഴുവൻ അംഗപരിമിതരും രാവിലെ ഏഴു മണിക്ക് തന്നെ സ്‌കൂളിൽ എത്തിയിരുന്നു.
എന്നാൽ 250 പേരെ മാത്രമെ ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ പറ്റുകയുള്ളു എന്നതിനാൽ അംഗ പരിമിതരുമായി കഷ്ടപ്പെട്ട് എത്തിയവർ വാക്കേറ്റത്തിൽ എത്തുകയായിരുന്നു. പിന്നീട് ബന്ധപ്പെട്ടവർ ഇടപെട്ടാണ് പ്രശ്‌നം പറഞ്ഞു തീർത്തത്.
ഇരിപ്പിടമോ ഭക്ഷണമോ ഇല്ലാതെ...
ഭിന്നശേഷിക്കാർക്കും കൂടെ വന്നവർക്കും ഇരിപ്പിട മൊരുക്കാനോ, ഭക്ഷണമൊരുക്കാനോ അധികൃതർ തയ്യാറായിരുന്നില്ല. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് എ. വിധു ബാല ഇടപെട്ടാണ് സ്‌കൂൾ അധികൃതർ ഇവർക്ക് ഇരിപ്പിടവും ഭക്ഷണവും ഒരുക്കിയത്.
ക്യാമ്പിൽ പങ്കെടുക്കുന്ന അംഗപരിമിതരുടെ എണ്ണമോ, അവർക്ക് വേണ്ടുന്ന സൗകര്യങ്ങളെ കുറിച്ചോ സാമൂഹ്യനീതി വകുപ്പ് പഞ്ചായത്തിനെ അറിയിച്ചിരുന്നില്ല
പഞ്ചായത്ത് പ്രസിഡന്റ് എ. വിധു ബാല പറഞ്ഞു.
സ്ഥലം ഒരുക്കുന്നതു സംബന്ധിച്ച് പഞ്ചായത്തിനെ അറിയിക്കേണ്ട കാര്യമില്ല. അതിനായി സൂപ്പർവൈസർമാർ അംഗൻവാടി വർക്കർമാരെ ചുമതലപ്പെടുത്തിയതാണ്
സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർ