കാസർകോട്: കാസർകോട് സർക്കാർ മെഡിക്കൽ കോളേജിനു തറക്കല്ലിട്ട് ആറുവർഷം പിന്നിട്ടിട്ടും പണി പൂർത്തീകരിക്കാതെ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നവംബർ 20 മുതൽ ഡിസംബർ 14 വരെ പ്രതിഷേധ കാമ്പയിൻ നടത്തുമെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മെഡിക്കൽ കോളേജിന് ബഡ്ജറ്റിൽ ഒരു പൈസ പോലും മാറ്റിവച്ചിട്ടില്ല. കഴിഞ്ഞ ഗവൺമെന്റ് അനുവദിച്ച തുകയ്ക്ക് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം അധികതുക മാത്രമാണ് ഈ സർക്കാർ അനുവദിച്ചത്. അക്കാഡമിക്ക് കെട്ടിടത്തിന്റെ പണി പൂർത്തിയായെങ്കിലും ആശുപ്രതി കെട്ടിടത്തിന്റെ പണി ഇഴഞ്ഞു നീങ്ങുകയാണ്. 135 കോടി രൂപയുടെ എസ്റ്റിമേറ്റ് നിർമ്മാണ ഏജൻസിയായ കിറ്റ്‌കോ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലേക്കുള്ള ചെർക്കള കല്ലട്ക്ക റോഡിന്റെ പണി പൂർത്തീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
കാമ്പയിന്റെ ഭാഗമായി കാസർകോട്, ബദിയടുക്ക, പെർള, സീതാംഗോളി, കുമ്പഡാജെ തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മാഹിൻ കേളോട്ട്, എ. കെ. ശ്യാമപ്രസാദ്, കെ. അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, അഹമ്മദ് ശരീഫ്, എം.കെ രാധാകൃഷ്ണൻ, അബ്ദുൽ നാസർ, ഗിരീഷ്, ഫാറൂക്ക് കാസ്മി, ചന്ദ്രശേഖര റായി സംബന്ധിച്ചു.