ഇരിട്ടി (കണ്ണൂർ): സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 31ാമത് ജിമ്മിജോർജ് ഫൗണ്ടേഷൻ അവാർഡിന് ഒളിമ്പ്യൻ അത്‌ലറ്റ് വൈ. മുഹമ്മദ് അനസ് അർഹനായി. 25000 രൂപയും ഫലകവുമാണ് അവാർഡ്. ജോസ്‌ജോർജ് ചെയർമാനും അഞ്ജു ബോബിജോർജ്, റോബർട്ട് ബോബി ജോർജ്, ദേവപ്രസാദ്, സെബാസ്റ്റ്യൻ ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തിരഞ്ഞെടുത്തത്
ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനം പരിഗണിച്ചാണ് അവാർഡ്. കൊല്ലം നിലമേൽ സ്റ്റൈൽ സ്‌പോർട്‌സ് അക്കാഡമിയിലൂടെ കായിക രംഗത്തേക്ക് കടന്നു വന്ന അനസ് 2016 റിയോ ഒളിമ്പിക്‌സിൽ പങ്കെടുത്തതോടെയാണ് ശ്രദ്ധേയനായത്. 2017 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിലും 4x400 മീറ്റർ റിലേയിലും സ്വർണ്ണ മെഡൽ കരസ്ഥമാക്കി. 2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലും 4x400 മീറ്റർ റിലേയിലും വെള്ളി മെഡലും മിക്‌സഡ് റിലേയിൽ സ്വർണ മെഡലും നേടി.
നേവിയിൽ ഉദ്യോഗസ്ഥനായ അനസിന് ഈ വർഷം അർജ്ജുന അവാർഡും ലഭിച്ചിരുന്നു. പരേതനായ യാഹിയയുടെയും ഷീനയുടെയും മകനാണ്. സഹോദരൻ അനീസും അറിയപ്പെടുന്ന അത്‌ലറ്റ് ആണ്.
ഡിസംബർ 22 ന് നടക്കുന്ന പേരാവൂർ ഗ്രീൻ മാരത്തോൺ ചടങ്ങിൽ അവാർഡ് സമ്മാനിക്കും.