കാഞ്ഞങ്ങാട്: കേരളം ജയിൽ നിയമ പരിഷ്‌കാരത്തിൽ മുന്നിട്ടു നിൽക്കുന്നുവെന്നും മറ്റു സംസ്ഥാനങ്ങൾക്ക് കേരളത്തിന്റെ മാതൃക പിന്തുടരാവുന്നതാണെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഹോസ്ദുർഗ് ജില്ലാ ജയിലിൽ സംഘടിപ്പിച്ച ജയിൽ ക്ഷേമദിനാഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിലിനകത്ത് എത്തുന്നവരുടെ മാനസിക പരിവർത്തനത്തിന് ഉതകുന്ന വിവിധ പദ്ധതികളാണ് ജയിൽ വകുപ്പ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഉയർന്ന ചിന്താഗതിയും വ്യക്തമായ കാഴ്ചപ്പാടുമുള്ള ജയിൽ ഉദ്യോഗസ്ഥരുടെ സൗഹൃദപരമായ മനോഭാവവും ജയിലിനകത്ത് നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതിന് സഹായകമായി. ഇതിന്റെ ഫലമായി ആവർത്തിച്ച് കുറ്റവാളികളാവുന്നവരുടെ എണ്ണം കുറഞ്ഞതായി മന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ വിജയാ മുകുന്ദ് അധ്യക്ഷത വഹിച്ചു. ജയിലിൽ നടത്തിയ കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശ് സമ്മാനദാനം നിർവഹിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് കെ. വേണു, ചീമേനി തുറന്ന ജയിൽ സൂപ്രണ്ട് ഇൻ ചാർജ്ജ് കെ. ഹസ്സൻ, ഹോസ്ദുർഗ്ഗ് ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് പി. ഗോപാലകൃഷ്ണൻ, കെ.പി സജേഷ് എന്നിവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്(ജയിൽ)
ഹോസ്ദുർഗ്ഗ് ജില്ലാ ജയിലിൽ സംഘടിപ്പിച്ച ജയിൽ ക്ഷേമദിനാഘോഷ സമാപനസമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

ഏഴാം തരം തുല്യതാ പരീക്ഷ ആരംഭിച്ചു
ചീമേനി: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ ആരംഭിച്ചു. ജില്ലയിൽ 22 സ്‌കൂളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ കൊവ്വൽ യു.പി സ്‌കൂളിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി 68 കാരിയായ കൊവ്വൽ രാധയ്ക്കും 18 കാരനായ ഒ.എ അസ്ലത്തിന്നും ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു.

ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ഷാജു ജോൺ വിശദീകരണം നടത്തി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കൃഷ്ണൻ, സാക്ഷരതാ മിഷൻ അസി. കോഡിനേറ്റർ പി.എൻ ബാബു, കൊവ്വൽ യു.പി സ്‌കൂൾ പ്രധാന അധ്യാപിക ഇ. ഉഷാകുമാരി എന്നിവർ സംസാരിച്ചു.