കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കോക്കസ് രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാജിവച്ചു.

ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ പാലക്കുന്നിലെ പി.വി ഉദയകുമാറാണ് എല്ലാ ചുമതലകളിൽ നിന്നും രാജിവെച്ച് പാർട്ടി വിട്ടത്. ഉദുമ മണ്ഡലത്തിലെ ചില നേതാക്കൾ പ്രവർത്തകരെ മറന്ന് സ്വന്തം താൽപര്യങ്ങൾക്കായാണ് പ്രവർത്തിക്കുന്നതെന്ന് മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരനും യൂണിയൻ നേതാവുമായ ഉദയകുമാർ പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനാൽ തന്നെ പരിപാടികളിൽ നിന്ന് അവഗണിക്കുന്നത് പതിവായെന്നും ഉദയകുമാർ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള നേതാക്കളുടെ ശ്രദ്ധയിൽ പ്രശ്‌നങ്ങൾ കൊണ്ടുവന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും കാസർകോട് മണ്ഡലത്തിൽ വിജയത്തിനായി പ്രവർത്തിച്ചവരെ മറന്ന് എം.പി കോക്കസ് രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്നവരുടെ കൂടെയാണെന്നും ഉദയകുമാർ ആരോപിച്ചു.