കാസർകോട്: ജില്ലയിലെ ഉദ്യോഗാർത്ഥികളെ സർക്കാർ മേഖലയിലെ മത്സരപരീക്ഷകൾക്ക് സജ്ജരാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ആവിഷ്‌കരിച്ച ഉന്നതി പദ്ധതിക്ക് തുടക്കമായി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവ്വഹിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ മേഖലയിലെ ഉദ്യോഗാർത്ഥികളെ മന്നോട്ട് കൈപ്പിടിച്ചുയർത്തുന്നതിനായി ഒരു പക്ഷേ രാജ്യത്ത് തന്നെ ആദ്യമായിരിക്കും ഇത്തരമൊരു പരിശീലന പദ്ധതി തയ്യാറാക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലാ കളക്ടറുടെ പ്രത്യേക താൽപര്യ പ്രകാരം ആവിഷ്‌കരിച്ച പരിശീലന പദ്ധതി ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലികളിലേക്ക് കടന്നു വരാൻ ഊർജം നൽകും. ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ജില്ലക്കാരായ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അഭാവം വികസന പ്രവർത്തനങ്ങളും പദ്ധതികളും കാര്യക്ഷമമായി പൂർത്തീകരിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. തൊഴിൽ നേടുന്നതിനൊപ്പം ജനങ്ങളെ സേവിക്കാൻ ലഭിക്കുന്ന മികച്ച അവസരമാണ് സർക്കാർ ജോലിയിലൂടെ ലഭിക്കുന്നതെന്ന് അദ്ദേഹം ഉദ്യോഗാർത്ഥികളെ ഓർമ്മപ്പെടുത്തി.
ചടങ്ങിൽ എ.ഡി.എം എൻ. ദേവിദാസ്, സബ് കളക്ടർ അരുൺ കെ. വിജയൻ, ഹുസൂർ ശിരസ്തദാർ കെ. നാരായണൻ എന്നിവർ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം എ.ഡി.സി ജനറൽ ബെവിൻ ജോൺ വർഗീസ് ക്ലാസെടുത്തു.
ആദ്യഘട്ട പരിശീലനത്തിന് 200 പേർ
കെ.എ.എസ്, എൽ.ഡി.സി വിഭാഗങ്ങളിലായി നൂറു പേർ വീതമാണ് പരിശീലനത്തിനെത്തുന്നത്. നവംബർ എട്ടിന് സംഘടിപ്പിച്ച പ്രവേശന പരീക്ഷയിൽ പങ്കെടുത്ത 1254 പേരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 പേർക്കാണ് സൗജന്യ പരിശീലനം നൽകുന്നത്. അവധി ദിനങ്ങളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരിക്കും പരിശീലന ക്ലാസുകൾ. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ എൽ.ഡി.സി വിഭാഗത്തിനും ഉച്ചയ്ക്ക് രണ്ടു മുതൽ വൈകീട്ട് അഞ്ചു വരെ കെ.എ.എസ് വിഭാഗത്തിനും ക്ലാസ് നൽകും. പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞാൽ എല്ലാ ദിവസവും രാവിലെ 7.30 മുതൽ ഒമ്പതു വരെ എൽ.ഡി.സിക്കും വൈകുന്നേരം അഞ്ചു മുതൽ ഏഴുവരെ കെ.എ.എസിനും ക്ലാസ് നൽകും.
ജില്ലയിലെ എല്ലാ പ്രദേശങ്ങൾക്കും തുല്യ പ്രാതിനിധ്യം നൽകിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്. നാലു താലൂക്കുകളിൽ നിന്നും 25 വീതം മത്സരാർത്ഥികളെ ഇരുവിഭാഗത്തിലേക്കും തിരഞ്ഞെടുത്തു. പ്രവേശന പരീക്ഷകൾക്കായി മത്സരസജ്ജരാക്കി അവരെ സർക്കാർ സേവനമേഖലയിലേക്ക് കൈപ്പിടിച്ചുയർത്താനാണ് ശ്രമം. ലക്ഷ്യ പൂർത്തീകരണത്തിനായി കൃത്യമായ നിരീക്ഷിച്ച് ഏറ്റവും മികച്ച പരിശീലനം നൽകും.
ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു
ഫോട്ടോ.. ഉന്നതി പരിശീലന പദ്ധതിയുടെ ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു