നീലേശ്വരം: നിരവധി താരങ്ങളെ വാർത്തെടുത്ത ചോയ്യങ്കോട് കിനാനൂർ റോഡിലെ ചന്തു ഓഫീസർ വോളിബാൾ അക്കാഡമിയുടെ മുന്നോട്ടുള്ള പ്രവർത്തനം ആശങ്കയിൽ. കൈയിൽ ആവശ്യത്തിനു പണമില്ലാതെ ദിനങ്ങൾ തള്ളിനീക്കുകയാണ് അക്കാഡമി പ്രവർത്തകർ.

ചെറുപ്രായത്തിൽ തന്നെ പ്രതിഭകളെ കണ്ടെത്തി വോളിബാൾ താരങ്ങളായി വാർത്തെടുക്കാനായാണ് സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ചന്തു ഓഫീസറുടെ സ്മരണയ്ക്കായി രൂപീകൃതമായ സ്പോർട്സ് ക്ലബ് 2015ൽ അക്കാഡമി ആരംഭിച്ചത്. മലയോര മേഖലയിലെ പ്രധാന കായിക ഇനമായ വോളിബാളിൽ പ്രചാരം കുറഞ്ഞുവരുന്നതിനിടയിലാണ് പുതിയ പ്രതിഭകളെ കണ്ടെത്താൻ അക്കാഡമി രൂപീകൃതമായത്. ഇപ്പോൾ 20 പെൺകുട്ടികളടക്കം 60 കുട്ടികൾ വോളിബാൾ പരിശീലിക്കുന്നുണ്ട്.
കുട്ടികളുടെ കായികക്ഷമത വിലയിരുത്തിയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. സ്‌കൂൾ അവധി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലുമാണ് പരിശീലനം. സ്വന്തം വീട്ടിലേക്ക് ദിവസവും പോയിവരാൻ പറ്റാത്തവർക്ക് നാട്ടുകാർ പ്രത്യേക താമസ സൗകര്യവും ഒരുക്കാറുണ്ട്.

സമീപ പ്രദേശങ്ങളിലെ ക്ലബ്ബുകൾ, മുൻ കാല വോളിബാൾ കളിക്കാർ, നാട്ടുകാർ എന്നിവരുടെ

സഹകരണത്തോടെയാണ് അക്കാഡമിയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. മുൻ എം.ആർ.സി. വോളിബാൾ കളിക്കാരനും എൻ.ഐ.എസ് കോച്ചുമായ സി.വി. ബാലകൃഷ്ണനാണ് പരിശീലകൻ.

അക്കാഡമിയിൽ നിന്നും

സംസ്ഥാന ടീമിലേക്കും

അക്കാഡമിയിൽ നിന്നും പരിശീലനം നേടിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജില്ല സംസ്ഥാന ടീമിൽ സെലക്ഷൻ ലഭിച്ചിട്ടുണ്ട്. സബ് ജൂനിയർ ബോയ്‌സ് വിഭാഗത്തിൽ അക്കാഡമിയിലെ കാർത്തിക്കിനെ കഴിഞ്ഞവർഷം സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി. മിനി വോളിബാൾ ചാമ്പ്യൻഷിപ്പിൽ അനക്‌സ്, ശ്രീനന്ദ്, അഭിജിത് എന്നിവർക്ക് ജില്ല ടീമിലേക്കും സെലക്ഷൻ ലഭിക്കുകയുണ്ടായി.