കാസർകോട്: കാഞ്ഞങ്ങാട്- പാണത്തൂർ ഹൈവേയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് പുറമ്പോക്ക്, കൈയേറ്റഭൂമി എന്നിവ കണ്ടെത്തി റോഡിന് ആവശ്യമായ ഭൂമി അതിർത്തി തിരിച്ച് അളന്നുതിട്ടപ്പെടുത്തുന്നതിന് സർവ്വേ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവായി. ഇതുൾപ്പെടെയുള്ള എല്ലാ നടപടികളും ഡിസംബറിൽ തന്നെ പൂർത്തീകരിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ ഡോ ഡി. സജിത് ബാബു വിളിച്ചു ചേർത്ത ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

റോഡിന്റെ ഇരുവശങ്ങളിലും ഉള്ള ഭൂമിയുടെ സർവ്വേ നടപടികൾ സുഗമമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ പൊതുജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തുമെന്ന് യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാർ ഉറപ്പുനൽകി.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജൻ, എ.ഡി.എം ദേവദാസ്, സബ്കളക്ടർ അരുൺ കെ. വിജയൻ സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. സുനിൽ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദാമോദരൻ, കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാരായണൻ, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.എം മോഹനൻ, കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.