കണ്ണൂർ: ജൂനിയർ പെൺകുട്ടികളുടെ പോൾ വാട്ടിൽ ഇന്നലെ കണ്ടത് ഒരേ സ്കൂളിൽ നിന്നുള്ള,ഒരേ കോച്ചിന് കീഴിൽ പരിശീലിക്കുന്ന കൂട്ടുകാരുടെ പടവെട്ട്. ഒടുവിൽ എറണാകുളം കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്ക്കൂളിന് ഇക്കുറി ഇരട്ടി മധുരം നൽകി സ്വർണവും വെള്ളിയും.സ്കൂളിന്റെ പ്രതീക്ഷകളായ എ.ആരതി നായരും നേഹ എൽദോയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയെടുത്തത്.
കടുത്ത പോരാട്ടത്തിനൊടുവിൽ മൂന്ന് മീറ്റർ ചാടിയാണ് പത്താം ക്സാസുകാരി ആരതി ഒന്നാം സ്ഥാനത്ത് എത്തുന്നത്.ആരോഗ്യപ്രശ്നങ്ങൾ വകവയ്ക്കാതെ 2.80 മീറ്റർ ചാടി നേഹ രണ്ടാം സ്ഥാനത്തെത്തി. .ബി.എസ്.എഫിൽ സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന സി.ആർ മധുവിന്റെ മികച്ച പരിശീനവും പിന്തുണയുമാണ് നേട്ടത്തിന് പിന്നിലെന്ന് ഇരുവരും പറഞ്ഞു.
ബി.എസ്.എഫിൽ ആയിരുന്ന കോതമംഗലത്തെ അജയ് കുമാറിന്റെയും അനിതയുടെയും മകളാണ് ആരതി.പോൾവാൾട്ടിൽ കഴിഞ്ഞ വർഷം രണ്ടാം സ്ഥാനം നേടിയിരുന്നു.അടുത്ത ദിവസം നടക്കുന്ന ജാവലിൻ ത്രോയിലും പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ ജില്ലാ കായികമേളയിൽ ലോംഗ് ജമ്പിനിടയിൽ പരിക്ക് പറ്റിയിരുന്ന നേഹ ഒമ്പത് മാസത്തെ വിശ്രമത്തിനും ഒരു മാസത്തെ പരിശീനത്തിനും ശേഷമാണ് സംസ്ഥാന കായികമേളയിൽ മാറ്റുരക്കുന്നത്.കിഴക്കമ്പലത്തെ എൽദോ തോമസിന്റെയും എൽസിയുടെയും മകളാണ് നേഹ. പരിമിതികൾക്കിടയിലാണ് ഇരുവരുടെയും പരിശീലനം . മതിയായ പോളുകൾ ഇല്ല. ജമ്പിംഗ് ബെഡ് ആകട്ടെ കീറിപ്പറിഞ്ഞതും . എന്നാൽ വിജയത്തിന്റെ തിളക്കത്തിൽ ഇല്ലായ്മകൾ മറക്കുന്നതായി ഇവർ പറയുന്നു.