കാസർകോട്: 60 -ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം പള്ളിക്കര ബീച്ചിൽപബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.
കലോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി മെഗാ പട്ടമുയർന്നു. പട്ടമുയർന്നതിലൂടെ കലോത്സവത്തിന് വൻ പ്രചരണമാണ് ലഭിച്ചതെന്നും കലോത്സവ ചരിത്രത്തിന്റെ പുതിയ അദ്ധ്യായമാണിതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പബ്ലിസിറ്റി ചെയർമാൻ ഷാനവാസ് പാദൂർ അദ്ധ്യക്ഷത വഹിച്ചു. റിക്കാർഡ് ഭേദിച്ച മണൽശിൽപം തീർത്ത് തെയ്യങ്ങളുടെ നാടായ കാസർകോട്, മറ്റു ജില്ലകൾക്ക് മാതൃകയായെന്ന് മണൽശില്പം ഉദ്ഘാടനം ചെയ്ത കെ. കുഞ്ഞിരാമൻ എം.എൽ.എ പറഞ്ഞു.
തുടർന്നു നടന്ന നാടൻ കലാമേള കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ചെണ്ടമേളം പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ കെ.വി. പുഷ്പ ,ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ, പബ്ലിസിറ്റി കൺവീനർ ജിജി തോമസ്, വൈസ് ചെയർമാന്മാരായ സുകുമാരൻ പൂച്ചക്കാട്, കേവീസ് ബാലകൃഷ്ണൻ, സി.എം കുഞ്ഞബ്ദുള്ള, റോട്ടറി ക്ലബ് സെക്രട്ടറി അഡ്വ. എ. രാധാകൃഷ്ണൻ , സി.പി. ഫൈസൽ, സി.പി. സുബൈർ, പി. രതിഷ്, പ്രവീൺ കുമാർ, പ്രിൻസ് മോൻ, മുഹാജിർ എന്നിവർ സംസാരിച്ചു.
30 മീറ്റർ നീളത്തിൽ തീർത്ത മണൽ ശില്പത്തിന് ശില്പികളായ രവി പിലിക്കോട്, ശ്യാമ ശശി, ഇ.വി. അശോകൻ തുടങ്ങിയ ജില്ലയിലെ 60 കലാകാരൻമാർ നേതൃത്വം നൽകി. പള്ളിക്കര ഗുരു വാദ്യസംഘം ശിങ്കാരിമേളവും കേരള ഫോക്‌ലോർ അക്കാഡമി വജ്ര ജൂബിലി പുരസ്കാരം നേടിയ കലാകാരന്മാർ നടൻ പാട്ടും അവതരിപ്പിച്ചു.