സർക്കാർ അനുവദിച്ച പത്തുകോടി വിതരണം ചെയ്യാതെ ഖാദി ബോർഡ്
2500 തൊഴിലാളികളുടെ 3മാസത്തെ ശമ്പളം മുടങ്ങി
പരിഹാരമായത് മന്ത്രി ഇ.പി.ജയരാജന്റെ ഇടപെടൽ
കണ്ണൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിലാളികളുള്ള പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ ഒന്നര കോടി രൂപ ഖാദി ബോർഡ് അനുവദിച്ചു. പ്രതിസന്ധിക്കു പരിഹാരമാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഖാദി ലേബർ യൂണിയന്റെ നേതൃത്വത്തിൽ നടന്നുവന്ന സമരം ഇതോടെ ഫലപ്രാപ്തിയിലെത്തി.
പയ്യന്നൂർ ഖാദി കേന്ദ്രത്തിന് മാത്രം സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശിക 12 കോടിയോളം രൂപയാണ്. ഖാദി ബോർഡിന് സർക്കാർ പത്തു കോടിയോളം രൂപ അനുവദിച്ചിട്ടും ഓരോരോ തടസവാദമുന്നയിച്ച് ഇത് വിതരണം ചെയ്യാതെ കിടക്കുന്ന സാഹചര്യമാണ്. ധനകാര്യവകുപ്പിൽ നിന്നാണ് ചില സാങ്കേതിക പ്രശ്‌നങ്ങൾ ആദ്യമുയർന്നത്. റിബേറ്റിന്റെ കാര്യത്തിൽ പുതുതായി ചില മാനദണ്ഡങ്ങൾ മുന്നോട്ടുവച്ചതായാണ് സൂചന.
അടഞ്ഞുകിടക്കുന്നത് 36 നൂൽനൂൽപ് കേന്ദ്രങ്ങൾ
പയ്യന്നൂർ ഖാദികേന്ദ്രത്തിനു കീഴിലുള്ള 66ൽ 36 ഖാദി നൂൽപ്പ് കേന്ദ്രങ്ങൾ കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ അടച്ചു പൂട്ടിയിരുന്നു. ഇതോടെ എണ്ണൂറോളം തൊഴിലാളികൾ പട്ടിണിയിലായി. പ്രവർത്തിക്കുന്നവയിൽ തൊഴിലില്ലാത്ത അവസ്ഥയും. പരുത്തി വാങ്ങാൻ പണമില്ലാത്തതിനാൽ പയ്യന്നൂർ ഏറ്റുകുടുക്കയിലെ പരുത്തി സംസ്‌കരണ കേന്ദ്രവും പൂട്ടി.ഖാദി കേന്ദ്രം പൂർണമായും പൂട്ടേണ്ടി വരുന്ന സാഹചര്യത്തിലാണ് ഐ.എൻ.ടി.യു.സി തൊഴിലാളികൾ പയ്യന്നൂർ ഖാദികേന്ദ്രത്തിന് മുന്നിൽ പട്ടിണിസമരമുൾപ്പെടെയായി രംഗത്തു വന്നത്.കണ്ണൂർ, കാസർകോട് ജില്ലകളിലായി 2500 ഓളം തൊഴിലാളികളുടെ മൂന്നുമാസത്തെ ശമ്പളം മുടങ്ങി.
ഉന്നതനേതാവിന്റെ മകനെതിരെ ചൂണ്ടി തൊഴിലാളികൾ
കൊല്ലത്തെ ഉന്നതനേതാവിന്റെ മകനെതിരെയാണ് തൊഴിലാളികളുടെ ഖാദി മേഖലയിൽ പരിചയക്കുറവുള്ള ഈ ഉന്നതോദ്യോഗസ്ഥൻ ഫയലുകളെല്ലാം തടഞ്ഞുവച്ച് പ്രശ്‌നപരിഹാരത്തിനുള്ള നീക്കങ്ങളെ തുടക്കം തൊട്ട് അട്ടിമറിച്ചതെന്നാണ് ജീവനക്കാരുടെ ആരോപണം.
ഖാദി ബോർഡ് വൈസ് ചെയർമാനുമായി തൊഴിലാളി നേതാക്കൾ ബന്ധപ്പെട്ടെങ്കിലും പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയുമായും വ്യവസായവകുപ്പു മന്ത്രിയുമായും സംസാരിച്ചുവെന്നല്ലാതെ വ്യക്തമായ ഉറപ്പു ലഭിച്ചില്ലെന്ന് തൊഴിലാളി നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുടേയും വ്യവസായമന്ത്രിയുടേയും നാട്ടിൽ ഖാദി തൊഴിലാളികൾ പട്ടിണി സമരം നടത്തേണ്ട അവസ്ഥ വന്നത് സർക്കാരിനും ക്ഷീണമായി. കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായിരുന്ന മന്ത്രി ഇ .പി. ജയരാജൻ സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഖാദി ബോർഡധികാരികളോട് ആവശ്യപ്പെട്ടിരുന്നതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒന്നര കോടി രൂപ അനുവദിച്ച് ഉത്തരവിറക്കി പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കിയത്.
ബൈറ്റ്
പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയുമായും വ്യവസായവകുപ്പു മന്ത്രിയുമായും സംസാരിച്ചുവെന്ന് ഖാദിബോർഡ് വൈസ് ചെയർമാൻ പറഞ്ഞത്. വ്യക്തമായ ഉറപ്പു ലഭിച്ചില്ല- സംസ്ഥാന ഖാദി ലേബർ യൂണിയൻ നേതാക്കൾ