അമ്പലത്തറ: ആരോരുമില്ലാത്ത പാറപ്പള്ളി കാട്ടിപ്പാറയിലെ റുഖിയയ്ക്ക് ഭയമില്ലാതെ കിടന്നുറങ്ങാൻ ഒരു വീടുണ്ടാകുമോ..? തന്റെ മൂന്ന് സെന്റ് സ്ഥലത്തിൽ ഒരു കൊച്ചു ഷെഡ് കെട്ടി താമസിക്കുകയാണ് വല്ലപ്പോഴും മാത്രമായുള്ള കൂലി വേല ചെയ്തു ജീവിക്കുന്ന റുഖിയ. രാത്രിയായാൽ അടുത്തുള്ള വീടുകളിലാണ് അന്തിയുറങ്ങുന്നത്.
കഴിഞ്ഞ ദിവസം ഈ 55 കാരി ഒരു മോഷ്ടാവിന്റെ ക്രൂരതയ്ക്കും ഇരയായി. പൊളിഞ്ഞുവീഴാറായ ഒറ്റമുറി കൂര തകർത്ത കള്ളൻ റുഖിയ സ്വരൂപിച്ച തുക കവരുകയും ഭക്ഷണ സാധന സാമഗ്രികൾ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു.
ഈ കൂരയിൽ താമസിക്കാൻ ബുദ്ധിമുട്ടിലായതിനാൽ ഭർത്താവ് പെരിയയിലുള്ള ബന്ധുവീട്ടിലും ഏക മകൾ ഭർതൃവീട്ടിലുമാണ് താമസിക്കുന്നത്. മോഷ്ടാവ് നശിപ്പിച്ച ഭക്ഷണ സാധനങ്ങളും നഷ്ടപ്പെട്ടു പോയ പണവും പാറപ്പള്ളിയിലെ നല്ലവരായ സുഹൃത്തുക്കൾ അവർക്ക് എത്തിച്ചുകൊടുത്തിരുന്നു.
മഴയും വെയിലും കൊള്ളാതെ ഭയമില്ലാതെ കിടന്നുറങ്ങാൻ കഴിയുന്ന ഒരു വീടാണ് ഈ സഹോദരിയുടെ ഏക ആഗ്രഹം. സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഇവരെ സഹായിക്കുന്നതിനായി പാറപ്പള്ളിയിലെ ഒരുകൂട്ടം ചെറുപ്പക്കാർ ഒരു കാരുണ്യ കൂട്ടായ്മയ്ക്ക് രൂപം നൽകിയിട്ടുണ്ട്. എൽ. മജീദ് അമ്പലത്തറ ചെയർമാൻ, സാലി വൈറ്റ് ഹൗസ് കൺവീനർ എന്നിവരാണ് കാരുണ്യ കൂട്ടായ്മയുടെ ഭാരവാഹികൾ.