പകൽനേരങ്ങളിൽ ചൂട് കൂടിവരുമ്പോൾ ശരീരത്തിന് വെള്ളത്തിന്റെ ആവശ്യം വർദ്ധിക്കുന്നു. ദാഹം ശമിപ്പിക്കാൻ ഉത്തമം തിളപ്പിച്ചാറ്റിയ വെള്ളം തന്നെ. ഉത്തമ ദാഹശമനിയാണ് കരിങ്ങാലി. ദാഹശമനി നിർമ്മാണത്തിനും പ്രകൃതിദത്ത ചായങ്ങൾ ഉണ്ടാക്കാനുമാണ് കരിങ്ങാലിയുടെ കാതൽ പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് രക്തം ശുദ്ധീകരിക്കും.
നമ്മുടെ രാജ്യത്തെ വരണ്ട വനങ്ങളിൽ കരിങ്ങാലി യഥേഷ്ടം വളരുന്നു. വിത്തുക്കൾ മുളപ്പിച്ചു നട്ടാണ് കൃഷിയെന്ന നിലയിൽ തൈകൾ ഉത്പ്പാദിപ്പിക്കുന്നത്. ഓരോ കായകളിലും നാലും അഞ്ചും വിത്ത് വരെ കാണും. വരണ്ട കാലാവസ്ഥയിലും നന്നായി വളരുന്നതു കൊണ്ട് ആദ്യ വർഷം മാത്രമേ ജലസേചനം ആവശ്യമായി വരുന്നുള്ളൂ. നട്ടു നാലാം വർഷം മുതൽ പുഷ്പ്പിക്കുകയും കായ്കൾ ഉണ്ടാകുകയും ചെയ്തു തുടങ്ങും. അധികം പരിചരണമില്ലാതെ തന്നെ പത്ത് വർഷം കഴിയുമ്പോഴേക്കും മരം വെട്ടി കാതൽ ശേഖരിക്കാം.
അരഗ്വധാമൃതാധി കഷായം, കതകഖദിരാദി കഷായം, മുസലി ഖദിരാദി കഷായം, ഖദിര ത്രിഫലാദി കഷായം, ഖദിരാദി ഗുളിക, അമൃതാദി കഷായം, മജ്ഞ്ഷ്ടാദി കഷായം, ലഘുഖദിര വടിക, ത്രിഫലാദിതളം, ശൂലാദിചൂർണ്ണം തുടങ്ങിയ ആയുർവേദ മരുന്നുകളിൽ കരിങ്ങാലി ചേരുന്നു. കരിങ്ങാലി പച്ചത്തണ്ട് അറ്റം ചതച്ചു ബ്രഷ് കൊണ്ടെന്നപോലെ പല്ല് തേച്ചാൽ പല്ലുകൾക്കും, മോണയ്ക്കും, വായിലെ അസുഖങ്ങൾക്കും ഗുണകരമാകും. വായ്പ്പുണ്ണിന് ഇത് ഔഷധമാണ്. ചർമ്മ രോഗങ്ങൾക്ക് പ്രതിവിധിയായി കരിങ്ങാലി കാതൽ, വേപ്പിൻ തൊലി, ചിറ്റമൃത്, പടവല തണ്ട്, ഖരമഞ്ഞൾതൊലി, കൊടിത്തുവ വേര് ഇവ സമം എടുത്ത് കഷായമുണ്ടാക്കി നല്കാറുണ്ട്.
സ്വരം നന്നാകുന്നതിനും കരിങ്ങാലി സത്ത് ഗുളികകളാക്കി വായിലിട്ടു അലിയിച്ചു കഴിക്കാറുണ്ട്. കുട്ടികളിലെ ചർമ്മപ്രശ്നങ്ങൾക്ക് കരിങ്ങാലിത്തൊലിയും കാതലും സമം എടുത്ത് വെള്ളംവച്ചു കുളിപ്പിക്കുന്നു. കുഷ്ഠരോഗത്തിനുള്ള ചികിത്സയിൽ അവശ്യഘടകമായി കരിങ്ങാലിയെ കണക്കാക്കിയിരുന്നു.
ഡോ. ഇറിന എസ്. ചന്ദ്രൻ
പുല്ലായിക്കൊടി ആയുർവേദ,
പൂക്കോത്ത് നട,
തളിപ്പറമ്പ്
ഫോൺ 9544657767.