കണ്ണൂർ: കണ്ണൂർ റവന്യൂ ജില്ലാകലോത്സവത്തിനു കണ്ണൂരിൽ വർണാഭമായ തുടക്കം. 23 വരെയാണ് 13വേദികളിലായി കലോത്സവം നടക്കുക. ഇന്ന് രാവിലെ 10നു മുനിസിപ്പൽ സ്‌കൂളിൽ കോർപറേഷൻ മേയർ സുമാബാലകൃഷ്ണൻ ഔപചാരികമായി മേള ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അദ്ധ്യക്ഷത വഹിക്കും. 23ന് വൈകിട്ട് നാലിന് സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ എം.പി അദ്ധ്യക്ഷത വഹിക്കും.

306 ഇനങ്ങളിൽ 7755 മത്സരാർത്ഥികൾ

അഞ്ചുദിവസം നീണ്ടു നിൽക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ 306 ഇനങ്ങളിലായി 7755 മത്സരാർത്ഥികൾ പങ്കെടുക്കും. കൂടുതൽ മത്സരങ്ങൾ നടക്കുന്ന സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് ആണ് പ്രധാനവേദി. നഗരത്തിലെ വിവിധ സ്‌കൂളുകളിലും പ്രധാന ഗ്രൗണ്ടുകലിലുമായി 13വേദികളിലാണ് മത്സരങ്ങൾക്ക് നടക്കുക. എല്ലാ മത്സരങ്ങളും സംഘടിപ്പിക്കാൻ സൗകര്യപ്രദമായ രീതിയിലാണ് വേദികൾ ഒരുക്കിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.

മെഡിക്കൽ സൗകര്യം

വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സരാർത്ഥികൾക്ക് മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാകും. പ്രത്യേക മെഡിക്കൽ എയ്ഡ് പോസ്റ്റ് സംവിധാനം ആംബുലൻസ് ഉൾപ്പെടെ വേദികൾ കേന്ദ്രീകരിച്ച് ഒരുക്കിയിട്ടുണ്ട്.