നീലേശ്വരം: എട്ടു മാസത്തെ കാത്തിരിപ്പിനുശേഷം ദേശീയപാത റോഡ്‌സ് വിഭാഗം ഇന്നലെ ഓട്ട അടച്ചതോടെ നീലേശ്വരം പാലത്തിനു സമീപം അനുഭവപ്പെട്ട ഗതാഗതക്കുരുക്കിനു പരിഹാരമായി.
ദേശീയപാത നീലേശ്വരം പാലത്തിന് സമീപം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കുഴി അടക്കാൻ ജില്ലി, ടാർ എന്നിവ കൊണ്ടിട്ടത്. ഇതിനു പിന്നാലെ കാലവർഷം എത്തിയതോടെ പണി നടക്കാതാകുകയും കുഴി കൂടുകയുമായിരുന്നു. ഇതോടെ ഗതാഗതം കൂടുതൽ കുരിക്കിലാവുകയും ഇരു ചക്രവാഹനങ്ങൾ അടക്കം കുഴിയിൽ വീണ് അപകടം പതിവാകുകയും ചെയ്തു. ഓട്ടോറിക്ഷാ തൊഴിലാളികളും നീലേശ്വരം പൊലീസും നാട്ടുകാരുടെ സഹായത്തോടെ പലതവണ കുഴി അടച്ചെങ്കിലും ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞില്ല.
നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ വിഷയം ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്ന് ടെണ്ടർ നടപടി ആയെങ്കിലും മഞ്ചേശ്വരം നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ കരാർ പ്രവർത്തി പിന്നെയും നീണ്ടു.
ഒടുവിൽ ഇന്നലെ രാവിലെ എത്തി ദേശീയ പാത റോഡ്‌സ് വിഭാഗം കുഴി അടയ്ക്കുകയായിരുന്നു. രാവിലെ 8.30 നു തുടങ്ങിയ പണി മൂന്നുമണിവരെ നീണ്ടു. പ്രവർത്തി തുടങ്ങിയതോടെ രാവിലെ മുതൽ പാലത്തിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടു. സ്‌കൂൾ കുട്ടികളെയും കൊണ്ടു പോകുന്ന വാഹനങ്ങൾ, സർക്കാർ ഓഫീസിൽ പോകേണ്ടവർ, ആംബുലൻസുകൾ, കല്യാണ പാർട്ടികൾ തുടങ്ങിയവർ ഏറെ സമയം പാലത്തിന്റെ ഇരു ഭാഗങ്ങളിലുമായി കെട്ടിക്കിടന്നു. ഗതാഗതകുരുക്ക് രൂക്ഷമായതോടെ നീലേശ്വരം പൊലീസ് എത്തി ഒരു മണിക്കൂറുകളോളം പണി നിർത്തിവയ്പ്പിക്കുകയും ചെയ്തു.