കാഞ്ഞങ്ങാട്: അനുവാദമില്ലാതെ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ച കളരിപ്പയറ്റ് അസോസിയേഷനെതിരേ സ്പോർട്സ് കൗൺസിൽ നടപടിക്കൊരുങ്ങുന്നു. നൂറ്റമ്പതിൽ താഴെ കുട്ടികളെ വച്ച് ചിറ്റാരിക്കാൽ സെന്റ്‌ തോമസ് എൽ.പി സ്‌കൂളിൽ 17ന് നടത്തിയ ചാമ്പ്യൻഷിപ്പാണ് വിവാദമായത്.

ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ ഭൂരിഭാഗം കളരികളിൽ നിന്നും മത്സരാർത്ഥികൾ ഉണ്ടായിരുന്നില്ല. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ അനുവാദത്തോടെ ചാമ്പ്യൻഷിപ്പ് നടത്തുകയും അതിൽ നിന്ന് ജേതാക്കളാകുന്നവർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയുമാണ് ചെയ്യേണ്ടത്. കളരി അസോസിയേഷൻ നടത്തിയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയികളായവർക്ക് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല.

അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിന് ജില്ല സ്‌പോർട്‌സ് കൗൺസിലിന്റെ അനുവാദമുണ്ടായിരുന്നില്ലെന്ന് പ്രസിഡന്റ് പി. ഹബീബ് റഹ്മാൻ പറഞ്ഞു. ഒരു വിഭാഗം പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചാമ്പ്യൻഷിപ്പ് മാറ്റിവയ്ക്കാൻ അസോസിയേഷൻ ഭാരവാഹികളോട് ആവശ്യപ്പെട്ടതാണ്. ജില്ല സ്‌പോർട്‌സ് കൗൺസിൽ നിരീക്ഷകനെയും അയച്ചിരുന്നില്ലെന്ന് ഹബീബ് റഹ്മാൻ വ്യക്തമാക്കി.

പ്രതിഷേധ കളരിപ്പയറ്റ് ഒരുക്കും
ജില്ല കളരിപ്പയറ്റ് അസോസിയേഷൻ നടത്തിയ അനധികൃത കളരി ചാമ്പ്യൻഷിപ്പിനെതിരെ 501 കളരി വിദ്യാർത്ഥികളെ അണിനിരത്തി പ്രതിഷേധ കളരിപ്പയറ്റ് പ്രദർശനത്തിനും മറ്റ് ജനകീയ പ്രക്ഷോഭത്തിനും ഒരുങ്ങുമെന്ന് ക്രിസ്‌റ്റോ, സുരേഷ്, അത്താവുള്ള, ശിവദാസൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിലറിയിച്ചു.