തൃക്കരിപ്പൂർ: മെക്കാഡം ടാറിംഗ് കഴിഞ്ഞതോടെ നടക്കാവ് റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കാർ, ഓട്ടോ, ടിപ്പർ ലോറി, ബൈക്ക് എന്നീ വാഹനങ്ങളാണ് ഇവിടെ കൂടുതലായി അപകടത്തിൽ പെടുന്നത്. റോഡ് കുട്ടപ്പനായെങ്കിലും ഒരു മുന്നറിയിപ്പു ബോർഡോ സുരക്ഷാ സംവിധാനമോ ഇവിടെ ഏർപ്പെടുത്തിയിട്ടില്ല.
ഞായറാഴ്ച രാത്രിയും അതിനു മുൻപത്തെ ദിവസവും ഈ റോഡിൽ കാറപകടങ്ങൾ നടന്നു. ആർക്കും പരുക്കില്ലാത്തത് കാരണം അധികൃതർ ശ്രദ്ധിച്ചുമില്ല. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ നിയന്ത്രണം തെറ്റിയ കാർ മര ഉരുപ്പടികൾക്ക് മുകളിലേക്ക് പാഞ്ഞുകയറിയതാണ് ഇതിൽ അവസാനത്തെ സംഭവം. നടക്കാവ് അഗ്നിശമന സേന വിഭാഗം കേന്ദ്രത്തിന് സമീപത്തെ ബസ് സ്റ്റോപ്പിനടുത്ത് നിയന്ത്രണം തെറ്റിയ കാർ പൊന്തക്കാടുകൾക്കും മരത്തടികൾക്കും മുകളിലൂടെ കയറിയിറങ്ങുന്നത് കണ്ട്, ബസ് ഷെൽട്ടറിൽ ഉണ്ടായിരുന്നവർ ജീവനും കൊണ്ടോടിയതിനാൽ ദുരന്തം ഉണ്ടായില്ല. കാർ ഓടിച്ചിരുന്ന നീലേശ്വരം കുന്നുമ്മൽ സ്വദേശി ഹസ്സൻ കുഞ്ഞി നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ വലിയൊരു മരക്കുട്ടയുടെ മുകളിൽ എടുത്തു വെച്ച പോലെ നിൽക്കുകയായിരുന്നു.
തൊട്ടടുത്തായി നടക്കാവ് ജംഗ്ഷനിൽ ശനിയാഴ്ച പുലർച്ചെ മറ്റൊരു കാർ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഒരു മാസം മുമ്പാണ് പരിസരത്തെ ഈയ്യക്കാട് ജംഗ്ഷനുസമീപം പ്രഭാതസവാരിക്കിടയിൽ ഒരു വീട്ടമ്മ വാഹനമിടിച്ച് മരണപ്പെട്ടത്. അതിനുശേഷം ഇതേ റോഡിൽ വെച്ച് പടന്ന പഞ്ചായത്ത് മുൻ പ്രസിഡന്റ് ജഗദീശൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ ഒരു കാർ വന്നിടിച്ച് അപകടം സംഭവിച്ചിരുന്നു. ബൈക്കുകൾ തട്ടുകയും മുട്ടുകയും ചെയ്ത സംഭവങ്ങൾ വേറെയും.
അപകടങ്ങൾക്ക് കാരണം
നടക്കാവ് മുതൽ മാണിയാട്ട് വരെ ഏകദേശം ഒന്നര കിലോമീറ്ററോളം തടസ്സങ്ങളില്ലാതെ നീണ്ടു കിടക്കുന്ന റോഡും മുന്നറിയിപ്പ് സൂചകങ്ങളില്ലാത്തതും ഇടയ്ക്കിടെയായി ഇടറോഡുകൾ കയറി വരുന്ന ജംഗ്ഷനുകളുമാണ് ഈ റോഡിൽ അപകടങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്.