kannur-

കണ്ണൂർ: പ്രവർത്തനം തുടങ്ങി ഒരു വർഷമാകുമ്പോഴും വിദേശവിമാനകമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകാത്തത് കണ്ണൂർ വിമാനത്താവളത്തിന് തിരിച്ചടിയാകുന്നു.. രാജ്യത്തെ പുതിയ വിമാനത്താവളങ്ങളിൽ നിന്നു വിദേശ വിമാനക്കമ്പനികളുടെ സർവിസിന് അനുമതി നൽകില്ലെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനമാണ് കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിന് തിരിച്ചടിയാകുന്നത്.ഒരു വർഷത്തിനകം വിദേശ കമ്പനികൾക്ക് സർവീസ് നൽകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉറപ്പ് നൽകിയെങ്കിലും നടപടികൾ ഇപ്പോഴും ഇഴഞ്ഞു തന്നെ നീങ്ങുകയാണ്.

കേന്ദ്രവ്യോമയാന മന്ത്രി പറഞ്ഞത്

പുതിയ വിമാനത്താവളങ്ങളിൽ വിദേശക്കമ്പനികളുടെ വിമാന സർവീസിനുള്ള പോയിന്റ് ഒഫ് കാൾ അനുമതി നൽകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു. പുതിയ വിമാനത്താവളത്തിൽ വിദേശ വിമാനക്കമ്പനികളായ എമിറേറ്റ്‌സിനും ഫ്‌ളൈ ദുബൈക്കും അനുമതി നൽകണമെന്ന ആന്ധ്രപ്രദേശ് സർക്കാരിന്റെ അപേക്ഷ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ലോക്‌സഭയിൽ മന്ത്രിയുടെ മറുപടി. വിജയവാഡ വിമാനത്താവളത്തിൽ നിന്നു യു.എ.ഇയിലേക്കു വിദേശക്കമ്പനികളുടെ സർവിസിന് അനുമതി നൽകണമെങ്കിൽ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാറിൽ മാറ്റം വരുത്തണമെന്നും ഇതു രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കരാറാണെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ 13 വിമാനത്താവളവുമായാണ് യു.എ.ഇയുമായി നയതന്ത്ര കരാറുള്ളത്. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നും സമീപത്തെ മംഗളൂരു, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ നിന്നും വിദേശ വിമാനക്കമ്പനികൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. പുതിയ വിമാനത്താവളമായ കണ്ണൂരിന് കേന്ദ്രസർക്കാരിന്റെ തീരുമാനമാണു കുരുക്കാകുന്നത്.

വരാൻ തയാറായി വിദേശവിമാനക്കമ്പനികൾ:

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ്, എത്തിഹാദ്, എയർ അറേബ്യ, ഒമാൻ എയർ, കുവൈത്ത് എയർവേയ്‌സ്, സഊദി എയർവേയ്‌സ്, സിംഗപ്പൂർ വിമാനക്കമ്പനിയായ ടൈഗർ, മലേഷ്യൻ കമ്പനിയായ എയർ ഏഷ്യ എന്നിവയെല്ലാം കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വരുമാനം കൂട്ടാൻ വിദേശ വിമാനകമ്പനികൾ വേണം:

കണ്ണൂരിൽ നിന്ന് എയർഇന്ത്യാ എക്‌സ്പ്രസ്, എയർഇന്ത്യ, ഗോ എയർ, ഇൻഡിഗോ വിമാനങ്ങളാണ് നിലവിൽ സർവിസ് നടത്തുന്നത്. കണ്ണൂർ വിമാനത്താവളത്തിന് കൂടുതൽ സർവിസുകൾ തുടങ്ങിയാലേ വരുമാനമാർഗം കൂട്ടാനാവൂ. കേന്ദ്രസർക്കാർ നയം കണ്ണൂർ വിമാനത്താവളത്തിന്റെ നില കൂടുതൽ പരുങ്ങലിലാക്കും.