കാസർകോട്: സംസ്ഥാന കലോത്സവത്തിന് സ്വാഗതമേകാൻ മഹാകവി കുട്ടമത്തിന്റെ ചെറുമകൻ കെ.വി. മണികണ്ഠദാസിന്റെ സ്വാഗതഗാനം. തെയ്യങ്ങളുടെയും പൂരക്കളിയുടെയും ഈറ്റില്ലമായ കാസർകോടിനെ കേരളത്തിന്റെ സാഹിത്യ ഭൂപടത്തിൽ അടയാളപ്പെടുത്തിയ പ്രതിഭയാണ് മഹാകവി കുട്ടമത്ത് .ഇതേ കവിയുടെ നാട് കലോത്സവത്തിന് ആതിഥ്യം വഹിക്കുമ്പോൾ, കവിയുടെ ചെറുമകന്റെ രചന സ്വാഗത ഗാനമായി ആലപിക്കാൻ പോകുന്നത് കാലം കാത്തു വച്ച മറ്റൊരു നിയോഗമാകാം.
ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനാദ്ധ്യാപകനാണ് ചരിത്രകാരനായ കുട്ടമത്ത് എ. ശ്രീധരന്റെ മകൻ കുട്ടമത്ത് സ്വദേശിയായ കെ.വി. മണികണ്ഠദാസ്. കലോത്സവത്തിന്റെ അണിയറ പ്രവർത്തകർക്ക് ലഭിച്ച 83 രചനകളിൽ നിന്നാണ് മണികണ്ഠ ദാസിന്റെ രചന കലോത്സവ ഗാനമായി തിരഞ്ഞെടുത്തത്. സാഹിത്യകാരൻമാരായ ഇ. പി. രാജഗോപാലൻ,പത്മനാഭൻ ബ്ലാത്തൂർ,സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവരടങ്ങുന്ന ജൂറിയാണ് സ്വാഗതഗാനം തിരഞ്ഞെടുത്തത്. സപ്തഭാഷാഭൂമിയെ പ്രകീർത്തിച്ചും പ്രാചീന നാട്ടു ചരിത്രത്തെ സ്മരിച്ചും കാസർകോടൻ മണ്ണിൽ പിറന്ന സാംസ്‌കാരിക പ്രതിഭകളെ അടയാളപ്പെടുത്തിയുമാണ് സ്വാഗതഗാനം അതിഥികളെ സ്വാഗതം ചെയ്യുന്നത്. 'ഏഴു വാണികളും ഒറ്റ നാവിൽ ഇണക്കിടുന്ന വരവർണ്ണിനീ കേരളോത്തര വിലാസിനി വിമല ദേശമായി ലസിപ്പു നീ' എന്ന് തുടങ്ങുന്നതാണ് സ്വാഗത ഗാനം .
വാക്കുകൾക്ക് അതീതമായ കാസർകോടിന്റെ സാംസ്‌കാരിക വൈവിധ്യം ' പുഴയൊരു പുല്ലാങ്കുഴലിലൊതുക്കാമോ?ഈ നാട്ടുവഴക്കം പാട്ടിലൊതുക്കാമോ? എന്ന വരികളിൽ തെളിയുന്നു. കവിതയുടെ നിത്യകന്യകയെ തേടിയലഞ്ഞ മഹാകവി പി കുഞ്ഞിരാമൻ നായരെയും അത്യുത്തര കേരളത്തിന്റെ യശസ്സ് വനോളം ഉയർത്തിയ കവിയും നവോത്ഥാന നായകനുമായ ടി ഉബൈദിനെയും സംഗീത നാടക പ്രസ്ഥാനത്തിന്റെ സൂര്യതേജസ് വിദ്വാൻ പി. കേളു നായരെയും സാഹിത്യ മണ്ഡലത്തിൽ കൈയൊപ്പ് ചാർത്തിയ മറ്റ് മഹാരഥൻമാരെയും സ്വാഗത ഗാനം സ്മരിക്കുന്നു. 15 മിനുട്ട് ദൈർഘ്യമുള്ള സ്വാഗത ഗാനത്തിന് സംഗീതം നൽകിയത് പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രനാണ്. അറുപതോളം അദ്ധ്യാപകർ ചേർന്നാണ് സ്വാഗത ഗാനം ആലപിക്കുക.മണികണ്ഠദാസ് സ്വാഗത ഗാനവുമായി കലോത്സവത്തിൽ എത്തുന്നത് ആദ്യമായിട്ടാണെങ്കിലും മിക്കവർഷവും മണികണ്ഠദാസിന്റെ രചനയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ മേണോ ആക്ടുകൾ സ്‌കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഫേട്ടോ സ്വാഗത ഗാനം രചിച്ച കെ.വി. മണികണ്ഠദാസ്