കാസർകോട്: തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയിൽ താമസക്കാരനുമായ സ്വർണവ്യാപാരി മൻസൂർ അലി(50)യെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിലെ രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരാണെന്ന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) കണ്ടെത്തി. ബണ്ട്വാൾ കറുവപ്പാടി മീത്തനടുക്കയിലെ അബ്ദുൽസലാം(30), കർണ്ണാടക ഹാസൻ ശ്രീരാമപുര ദൊഡ്ഡമനയിലെ രങ്കണ്ണസ്വാമി(55) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.
ഈ കേസിലെ ഒന്നാം പ്രതിയായ തമിഴ്‌നാട് അത്താണി അഗ്രഹാര കുടിയിരിപ്പു കോളനിയിലെ മാരിമുത്തു എന്ന മുഹമ്മദ് അഷ്രഫ് (30) വിധി പറയുന്ന ദിവസവും കോടതിയിൽ ഹാജരായില്ല. കേസിന്റെ വിചാരണാഘട്ടം മുതൽ തന്നെ ഹാജരാകാതെ മുങ്ങിനടക്കുന്ന മാരിമുത്തുവിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. മാരിമുത്തുവിന്റെ കേസ് കോടതി പിന്നീട് പരിഗണിക്കും.
2017 ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. സ്വർണ ഇടപാടുമായി ബന്ധപ്പെട്ടകാര്യങ്ങൾ സംസാരിക്കാനുണ്ടെന്നുപറഞ്ഞ് മൻസൂർ അലിയെ മാരിമുത്തുവും അബ്ദുൽസലാമും വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയും ബായാറിലെത്തിയപ്പോൾ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഉപയോഗശൂന്യമായ കിണറ്റിൽ തള്ളുകയും ചെയ്തുവെന്നാണ് കേസ്. മൻസൂർ അലിയുടെ കൈവശമുണ്ടായിരുന്ന സ്വർണം ഇരുവരും തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഈ സ്വർണം വിൽപ്പന നടത്തിയിരുന്നത് മൂന്നാംപ്രതിയായ രങ്കണ്ണസ്വാമിക്കാണ്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് രങ്കണ്ണസ്വാമിയെ കേസിൽ പ്രതിചേർത്തത്.
2019 ഏപ്രിൽ 19ന് അന്നത്തെ കുമ്പള സി.ഐ വി.വി മനോജാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കവ്വായി ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് ഒറ്റക്കോല മഹോത്സവത്തിന്റെ മുന്നോടിയായി നടന്ന നാൾമരം മുറിക്കൽ