മട്ടന്നൂർ: കായിക വികസനരംഗത്ത് മട്ടന്നൂർ കേന്ദ്രീകരിച്ച് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്‌കൂളിൽ നവീകരിച്ച കളിസ്ഥലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് വലിയ നിക്ഷേപത്തിന് താൽപര്യം അറിയിച്ചവരോട് മട്ടന്നൂരാണ് അനുയോജ്യമായ സ്ഥലമെന്ന് പറഞ്ഞിട്ടുണ്ട്. മട്ടന്നൂരിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ നീന്തൽക്കുളം സ്ഥാപിക്കാൻ 15 കോടി രൂപയുടെ പ്രവൃത്തി തുടങ്ങാനിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങൾ നടത്താൻ കഴിയുന്ന വിധത്തിലുള്ളതായിരിക്കും നീന്തൽക്കുളം. എല്ലാ വിദ്യാലങ്ങളിലും യോഗാപരിശീലനം ഏർപ്പെടുത്തുമെന്നും ഇതിനായി ഉപജില്ലയിൽ രണ്ട് യോഗ പരിശീലകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാധ്യക്ഷ അനിതാ വേണു അദ്ധ്യക്ഷത വഹിച്ചു. ഹാൻഡ് വാഷ് പ്ലാറ്റ്‌ഫോം വൈസ് ചെയർമാൻ പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. എ.കെ.സുരേഷ് കുമാർ, പി.വി.ധനലക്ഷ്മി, കെ.വി.ജയചന്ദ്രൻ, എം.കെ.നജ്മ, പ്രഥമാദ്ധ്യാപകൻ എം.പി.ശശിധരൻ, എ.വി.രതീഷ്, പി.എം.അംബുജാക്ഷൻ, എ.കെ.ശ്രീധരൻ, ബേബി മനോജ തുടങ്ങിയവർ പ്രസംഗിച്ചു.