കണ്ണൂർ: സഹപാഠി തീർത്ത റെക്കാഡ് തകർത്ത് ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ തിളങ്ങി ബ്ളസി. മാതിരപ്പള്ളി ഗവ.വി .എച്ച് .എസ്. എസിലെ സഹപാഠി കെസിയ മറിയം തീർത്ത 50.14 മീറ്ററിന്റെ സ്റ്റേറ്റ് റെക്കോർഡാണ് ബ്ലെസി 52.38 മീറ്റർ എറിഞ്ഞ് തകർത്തത്. മാതാപിതാക്കളും കായിക താരങ്ങളായതിനാൽ മികച്ച പ്രോത്സാഹനമാണ് ഇരുവരിൽ നിന്നും ലഭിക്കുന്നതെന്നും ബ്ലെസി പറയുന്നു.അച്ഛൻ ദേവസ്യയുടെ കീഴിൽ തന്നെ ആയിരുന്നു ആദ്യ പരിശീലനവും .വോളിബോൾ,ഹൈജമ്പ് താരവും പയ്യാവൂർ പൈസക്കരിയിലെ മർമ്മ വൈദ്യനുമാണ് എ .ടി .ദേവസ്യ.അമ്മ ജെയ്നമ്മ ഹൈജമ്പ് താരവും രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിലെ നഴ്സുമാണ്.കായിക അദ്ധ്യാപകൻ പി .ഐ. ബാബുവാണ് ഇപ്പോൾ പരിശീലിപ്പിക്കുന്നത്. പ്ലസ് ടു അഗ്രികൾച്ചർ സയൻസ് വിദ്യാർത്ഥിനിയാണ് ബ്ലെസി. കല്ലടി എച്ച് .എസ്.പാലക്കാട് കുമരംപുത്തൂരിലെ ഗൗരി ശങ്കരി വെള്ളിയും തിരുവനന്തപുരം ജിവി രാജാ സ്പോർട്സ് സ്കുളിലെ റോസ്മി റോണി വെങ്കലവും നേടി.