കണ്ണൂർ: 4 x 100 മീറ്റർ റിലേയിൽ വേഗതയുടെ വിസ്മയം തീർത്ത് മത്സരാർത്ഥികൾ. ജൂനിയർ ഗേൾസിൽ കൊല്ലം സായ് വിദ്യാർത്ഥികളായ നയന ജോസ്, എസ്. അതുല്യ, അലീന രാജൻ, സ്പോർട്സ് കൗൺസിലിലെ അമീന സലിം എന്നിവരടങ്ങിയ സംഘം വിജയം പങ്കിട്ടു. 50.37 സെക്കൻഡിലാണ് നേട്ടം.
ജൂനിയർ ബോയ്സ് റിലേയിൽ ഒന്നാം സ്ഥാനത്തെത്തിയ നാലംഗ സംഘത്തിനായി ട്രാക്കിൽ ഓടി തുടങ്ങിയത് മണിപ്പൂരുകാരനും ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ വിദ്യാർത്ഥിയുമായ പാരിസ് ബോഗിമയമാണ്. ആളൂരിലെ എഡ്വിൻ ബെന്നി അവസാന ലാപ്പിൽ കുതിച്ചു. ധനുഷും മൻമോഹനും കൂടെ തീപ്പൊരി പാറി കുതിച്ചു. 44.27 സെക്കൻഡിലാണ് തൃശൂരിന്റെ നേട്ടം.
സീനിയർ ഗേൾസിൽ കോട്ടയമാണ് ജേതാക്കൾ. എം.ബി സെമിനാരി എച്ച്.എസ്.എസിലെ പാർവതി പ്രസാദ്, ഭരണങ്ങാനത്തെ അന്ന തോമസ് മാത്യു, സെന്റ് പീറ്റേഴ്സ് കുറുമ്പനാടത്തെ അലീന ടി. സജി, ഭരണങ്ങാനത്തെ ആൻ റോസ് ടോമി എന്നിവരാണ് ജേതാക്കൾ. 49.37 സെക്കൻഡാണ് വേണ്ടി വന്നത്.
സീനിയർ ബോയ്സിൽ പാലക്കാടാണ് ജേതാക്കൾ. കൊടുവായൂരിലെ സൽസബീൽ, ടി.ആർ.കെ വാണിയംകുളത്തെ ശരത്, മുണ്ടൂരിലെ പി.എസ് അഖിൽ, കുമരംപുത്തൂർ കല്ലട്ടിയിലെ മുഹമ്മദ് ഷനുബ് എന്നിവരോടി ജയിച്ചു. 42.66 സെക്കൻഡുകൾ കൊണ്ട് ലക്ഷ്യം കണ്ടു.
സബ് ജൂനിയർ ഗേൾസിൽ ശാരിക സുനിൽ കുമാറും സംഘവുമാണ് കോഴിക്കോടിന്റെ മാനം കാത്തത്. 400 മീറ്റർ ഓട്ടത്തിൽ മീറ്റർ റെക്കോർഡോടെ അഭിമാന താരമായ ശാരിക ഉഷ സ്കൂളിലാണ് പരിശീലിക്കുന്നത്. ബാലുശേരിയിലെ മാളവിക, പുല്ലൂരാമ്പാറയിലെ നിവേദ്യ, സ്നിക് ത എന്നിവരും കണ്ണികളായി.
പരിമിതികളിൽ നിന്ന് വയനാടിന്റെ റിലേ
സബ് ജൂനിയർ ബോയ്സിൽ 4 x 100 മീറ്റർ റിലേയിൽ വയനാടാണ് ചാമ്പ്യന്മാരായത്.. വിമൽ, അരുൺ, പി.ജെ സോണി, പി.എസ് രമേശ് എന്നിവരാണ് ഓടിയത്. പരിശീലകൻ ഗിരീഷിന്റെ പറമ്പിലെ കുടിയിൽ കഴിയുന്ന അവസ്ഥയുമായാണ് വിമൽ എത്തിയത്. ഇവിടെ കളിക്കുന്നത് കണ്ടാണ് അദ്ദേഹം സ്പോർട്സ് ഹോസ്റ്റലിൽ എത്തിച്ചത്. സ്വന്തം വീടാനായി 6 വർഷം മുൻപ് അപേക്ഷിച്ചെങ്കിലും തിരുനെല്ലി പഞ്ചായത്ത് കനിഞ്ഞില്ലെന്ന് വിമൽ പറയുന്നു. പ്ലാസ്റ്റിക് മറച്ച കൂരയാണ് ഇവന്റെ കൊട്ടാരം. ലോംഗ് ജമ്പിൽ രണ്ടാം സ്ഥാനവും 400ൽ മൂന്നാമതും ഹാർഡിൽസിൽ വെള്ളിയും നേടിയിട്ടുണ്ട്. കോച്ചിന്റെ ഫാമിൽ നിന്നുള്ള വരുമാനം മാത്രമാണ് പഠനത്തിനുള്ള ഏക സഹായം. തിരുനെല്ലി അപ്പപാറ കോളനിക്കാരനാണ് അരുൺ, ബത്തേരി നായ്ക്കട്ടി പിലാക്കാവ് കോളനിക്കാരനാണ് രമേശ്.