കണ്ണൂർ: ടെൻഷൻ വലിച്ച് ട്രാക്കിന് പുറത്ത് കളഞ്ഞപ്പോൾ എബ്രിൻ ബാബുവിന്റെ കൈയ്യില്ലെത്തിയത് സ്വർണ തിളക്കം. സീനിയർ വിഭാഗം ആൺകുട്ടികളുടെ ഹൈ ജമ്പിൽ ഒന്നാം സ്ഥാനം ലഭിച്ചത് പരിശീലകന്റെ അങ്ങേയറ്റത്തെ മാനസിക പിന്തുണ കൊണ്ട് മാത്രമാണെന്നാണ് എബ്രിന് പറയാനുള്ളത്."എല്ലാ മീറ്റുകളും ടെൻഷൻ അടിച്ച് കൊണ്ട് പോയ് കളയുകയാണ് പതിവ്. എന്നാൽ ഇപ്രാവശ്യം പരിശീലകൻ നദീഷ് ചാക്കോയുടെ വാക്കുകളാണ് ആത്മ വിശ്വാസം പകർന്നത് , ട്രാക്കിലെത്തിയപ്പോൾ മറ്റൊന്നും ഒാർത്തില്ല,അങ്ങ് ചാടി "എബ്രിൻ പറഞ്ഞു. മലപ്പുറം കടകശ്ശേരി ഐഡിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് എബ്രിൻ. പ്രതീക്ഷിച്ചപോലെ റെക്കാഡ് നേടാൻ സാധിച്ചില്ലെങ്കിലും ഒന്നാമനാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ മിടുക്കൻ.2 മീറ്റർ ചാടിയാണ് ഒന്നാമനായത്. പിതാവ് ബാബു തോമസ് ട്രാഫിക്ക് പൊലീസിൽ എ.എസ്.ഐ ആണ്.അമ്മ ബിന്ദു സെബാസ്റ്റ്യൻ മുൻ ദേശീയ അത്‌ലറ്റിക് താരമാണ്.600 മീറ്ററിൽ റെക്കാഡും നേടിയിട്ടുണ്ട്.