കണ്ണൂർ: മികച്ച സൈനിക യൂണിറ്റുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളർ പുരസ്കാരം ഇന്ന് രാവിലെ ഏഴിന് ഏഴിമലയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാവിക അക്കാഡമിക്ക് സമ്മാനിക്കും. അര നൂറ്റാണ്ടായി രാജ്യത്തിന്റെ സുരക്ഷാ രംഗത്ത് നാവിക അക്കാഡമി നൽകുന്ന സംഭാവന മുൻനിറുത്തിയാണ് പുരസ്കാരം നൽകുന്നത്.
പട്ടിൽ തയ്യാറാക്കിയ പ്രത്യേക പതാക രാഷ്ട്രപതിയിൽ നിന്ന് അക്കാഡമി കേഡറ്റ് ക്യാപ്ടൻ ഏറ്റുവാങ്ങും. തുടർന്ന് കേഡറ്റുകളെയും അതിഥികളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യും. പ്രത്യേക തപാൽ കവറും പുറത്തിറക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഉയർന്ന നാവിക സേനാ ഉദ്യോഗസ്ഥർ, സംസ്ഥാന മന്ത്രിമാർ, മറ്റു ജനപ്രതിനിധികൾ എന്നിവരും പങ്കെടുക്കും.
1951ൽ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് മികച്ച സൈനിക യൂണിറ്റുകൾക്കായി പ്രസിഡന്റ്സ് കളർ ബഹുമതി നൽകിത്തുടങ്ങിയത്.
രാഷ്ട്രപതിക്ക് സ്വീകരണം
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കണ്ണൂരിലെത്തിയ രാഷ്ട്രപതിക്ക് ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ഹെലികോപ്ടറിൽ ഏഴിമലയിലെത്തുന്ന രാഷ്ട്രപതി പുരസ്കാര സമർപ്പണത്തിനു ശേഷം നാവിക ഉദ്യോഗസ്ഥരുമായി സംവദിക്കും. തുടർന്ന് പതിനൊന്നോടെ പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് തിരിക്കും.