കാസർകോട്: ജില്ലാ പൊലീസ് സഹകരണ സംഘം ആസ്ഥാന മന്ദിരം ഡിസംബർ ആദ്യവാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാനഗർ പാറക്കട്ടയിലെ ജില്ലാ പൊലീസ് ചീഫ് കാര്യാലയത്തിന് സമീപം 70 ലക്ഷത്തോളം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള മൂന്ന് നില കെട്ടിടം . കാസർകോട് ക്രൈംബ്രാഞ്ച് എസ്.ഐയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവുമായ സുരേഷ് മുരിക്കോളി പ്രസിഡന്റായിട്ടുള്ള പൊലീസ് സഹകരണ സംഘം ഭരണസമിതിയുടെ പ്രധാന നേട്ടമായി തലയുയർത്തി നിൽക്കുകയാണ് പുതിയ ആസ്ഥാന മന്ദിരം.
ഒരു നിലയിൽ സംഘം ഓഫീസും ബാങ്കും മുകളിലത്തെ നിലയിൽ കോൺഫറൻസ് ഹാളും ഏറ്റവും താഴെയായി കടമുറികളും അടങ്ങുന്നതാണ് കെട്ടിടം. 2014 ൽ തറക്കല്ലിട്ട കെട്ടിടം അഞ്ച് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. 1700 പൊലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും അംഗങ്ങളായ സംഘം 1996 ലാണ് പ്രവർത്തനം തുടങ്ങിയത്. വ്യക്തിഗത വായ്പയായി ഏഴ് ലക്ഷം രൂപയും അടിയന്തര വായ്പയായി ഒരു ലക്ഷം രൂപയും അംഗങ്ങൾക്ക് സംഘം നൽകി വരുന്നുണ്ട്. മാരകമായ അസുഖം ബാധിച്ചവർക്ക് അര ലക്ഷം രൂപ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നൽകി വരുന്നുണ്ടെന്ന് സംഘം പ്രസിഡന്റ് സുരേഷ് മുരിക്കോളി പറഞ്ഞു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഈ വർഷം ജില്ലയിലെ ഏറ്റവും മികച്ച മൂന്നാമത്തെ സഹകരണ സംഘമായി തിരഞ്ഞെടുത്തതും കാസർകോട് ജില്ലാ പൊലീസ് സഹകരണ സംഘത്തെയാണ്.