കാഞ്ഞങ്ങാട്: ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തെ വരവേൽക്കാനൊരുങ്ങുന്ന കാഞ്ഞങ്ങാട് നഗരത്തിലെ ഭക്ഷണശാലകളിലും പരിസരങ്ങളിലും നഗരസഭയും ആരോഗ്യ വകുപ്പും സംയുക്തമായി
പരിശോധന നടത്തി.നാല് ദിവസങ്ങളിലായി സംസ്ഥാനത്തിനകത്തും പുറത്തു നിന്നും പതിനായിരങ്ങൾ വന്നു ചേരുമ്പോൾ ശുദ്ധമായ ഭക്ഷണ പദാർത്ഥങ്ങളാണ് ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ നഗരത്തിലെ ചെറുതും വലുതുമായ മുപ്പതിലധികം ഹോട്ടലുകളിൽ പരിശോധന നടത്തിയത്. പല ഹോട്ടലുകളിൽ നിന്നും പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു. പാകം ചെയ്ത് തുറന്നുവെച്ച പഴക്കമുള്ള 15 കേക്ക്, പഴകിയ ചോറ്, ബിരിയാണി , ചിക്കൻ, ബീഫ് എന്നിവയാണ് പിടിച്ചെടുത്തത്.

രണ്ട് സ്‌ക്വാഡുകളായാണ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്. ഹോട്ടലുകളുടെ അടുക്കളകളിലും പരിസരത്തും മാലിന്യശേഖരണവും പരിശോധനയിൽ കണ്ടെത്തി.റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഗോൾഡൻ ഫ്രഷ് റസ്റ്റോറന്റ്, നോർത്ത് കോട്ടച്ചേരിയിലെ ഐഡിയൽ ബേക്ക് റസ്റ്റോറന്റ്, പുതിയ കോട്ടയിലെ ഹോട്ടൽ പഞ്ചരത്‌ന, സ്മൃതി മണ്ഡപത്തിനു സമീപത്തെ ലുംസ്, ഐങ്ങോത്ത് ഹോട്ടൽ സുദർശൻ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്.

ഹോട്ടലുകളിൽ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം വേർതിരിച്ച് ശേഖരിച്ചിട്ടില്ല, അടുക്കളയുടെ ഭിത്തികൾ കൃത്യസമയത്ത് പെയിന്റ് ചെയ്തിട്ടില്ല ,ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല ഇവയെല്ലാം നിയമ ലംഘനമായാണ് കണക്കാക്കുന്നത്. സംയുക്ത പരിശോധനയ്ക്ക് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സീമ പി.വി, ബീന വി.വി, ഇൻസ്‌പെക്ടർമാരായ അശോകൻ പി.കെ, ഷരീഫ്, പി.വി.ബാലൻ, സുനിൽ പി.വി ,മുരളിധരൻ കെ എന്നിവർ നേതൃത്വം നൽകി.

പരിശോധന ഇനിയും തുടരുമെന്ന് ചെയർമാൻ വി.വി രമേശൻ വ്യക്തമാക്കി. വൃത്തിഹീനമായ ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. നോട്ടീസ് നൽകിയിട്ടും പിഴവുകൾ ആവർത്തിക്കുന്ന ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.