കാസർകോട്;: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 13 വർഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂർ കക്കയംചാലിലെ പി സുരേഷ് ബാബുവിനെ(35)യാണ് ജില്ലാ അഡീഷണൽ സെഷൻസ്(ഒന്ന്) കോടതി ജഡ്ജി പി എസ് ശശികുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി അധികതടവ് അനുഭവിക്കണം.

പീഡനത്തിന് പോക്‌സോനിയമപ്രകാരം പത്തുവർഷവും തട്ടിക്കൊണ്ടുപോയതിന് മൂന്നുവർഷവുമാണ് ശിക്ഷ. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാലുകാരിയെ പീഡിപ്പിച്ച കേസിലാണ് ബാബുവിന് ശിക്ഷ വിധിച്ചത്. 2017 നവംബർ 15 നാണ് പെൺകുട്ടിയെ കാണാതായത്. ഇതുസംബന്ധിച്ച് രാജപുരം പൊലീസ് കേസെടുക്കുകയും കാണാതായത് ദളിത് പെൺകുട്ടിയായതിനാൽ കേസിന്റെ അന്വേഷണചുമതല കാസർകോട് സ്‌പെഷൽ മൊബൈൽ സ്‌ക്വാഡിന് കൈമാറുകയും ചെയ്തിരുന്നു. എസ് എം എസ് ഡിവൈ എസ് പി ഹരിശ്ചന്ദ്രനായകിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് പെൺകുട്ടിയെയും രാജേഷിനെയും കണ്ടെത്തി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെയും കോടതിയിലും പെൺകുട്ടി തന്നെ രാജേഷ് പല സ്ഥലങ്ങളിലും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മൊഴി നൽകി. തുടർന്നാണ് പോക്‌സോ നിയമപ്രകാരം രാജേഷിനെതിരെ കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.