കണ്ണൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല ഇന്ത്യൻ നാവിക അക്കാഡമിയിലെത്തി. ഇന്നലെ വൈകിട്ട് നാലരയോടെ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, എ.ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ്, ജില്ലാ കളക്ടർ ടി ..വി സുഭാഷ്, ഡി.എസ്.സി കമാൻഡൻ്റ് കേണൽ പുഷ്‌പേന്ദ്ര ജിൻക്വാൻ, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ, കിയാൽ എംഡി വി തുളസീദാസ് എന്നിവരും രാഷ്ട്രപതിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു.
സ്വീകരണത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ രാഷ്ട്രപതി ഏഴിമല നാവിക അക്കാഡമി ഹെലിപ്പാഡിലിറങ്ങി. നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, കൊച്ചി സതേൺ നേവൽ കമാൻഡ് ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ എ. കെ. ചൗള, ഏഴിമല നാവിക അക്കാഡമി കമാൻഡന്റ് വൈസ് അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, സി. കൃഷ്ണൻ എം.എൽ.എ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം വി ഗോവിന്ദൻ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ നാവിക അക്കാഡമിയിലേക്ക് സ്വീകരിച്ചു.