തളിപ്പറമ്പ്: മദ്യപിച്ച് സ്‌കൂൾ വിദ്യാർത്ഥികളുമായി സ്കൂൾ ട്രിപ്പ് നടത്തുന്നതായികണ്ട് കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസുകാരെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ ഓട്ടോഡ്രൈവർ റിമാൻഡിൽ. കടമ്പേരി അയ്യങ്കോലിലെ ഷാഹിനാ മൻസിലിൽ ഷാജഹാനെയാണ് (31) റിമാൻഡ് ചെയ്തത്
തളിപ്പറമ്പ് ട്രാഫിക് എസ് ഐ കെ.വി.മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാന്തംകുണ്ട് ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് അമിതവേഗതയിൽ സ്‌കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ഓട്ടോയെ കണ്ട് പിന്തുടർന്നത്. ഒരു കുട്ടിയെ ഇറക്കാനായി ഓട്ടോ നിർത്തിയപ്പോൾ ഒപ്പമെത്തിയ പൊലീസ് ഈയാളെ പരിശോധിച്ചപ്പോൾ മദ്യപിച്ചതായി ബോദ്ധ്യപ്പെടുകയായിരുന്നു.തുടർന്ന് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് എ.ആർ ക്യാമ്പിലെ പൊലീസുകാരായ വിനോദ്, ഷൈജു എന്നിവരെ ഷാജഹാൻ മർദ്ദിച്ചത്. ഇരുവർക്കും പരിക്കേറ്റിരുന്നു. കൂടുതൽ പൊലീസുകാരെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനും പൊലീസുകാരെ കൈയേറ്റം ചെയ്ത് ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും വിവിധ വകുപ്പുകൾ പ്രകാരം ഈയാളെ തളിപ്പറമ്പ് എസ് ഐ. ഷൈൻ അറസ്റ്റുചെയ്തത്.