കണ്ണൂർ: മാവോയിസ്റ്റുകൾക്ക് പിന്നിൽ മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനക്ക് പിന്തുണയുമായി സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ രംഗത്തെത്തി. മാവോവാദികളെ പ്രോത്സാഹിപ്പിക്കാൻ ചില മതതീവ്രവാദികൾ ശ്രമിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണെന്നും ഉള്ളിന്റെ ഉള്ളിൽ തീവ്രവാദ ചിന്തയുള്ളവർക്കാണ് ഇത് കേൾക്കുമ്പോൾ പൊള്ളുന്നതെന്നും ജയരാജൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം.
മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാൻ ചില മതതീവ്രവാദികൾ ശ്രമിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഒരു ചാനൽ ചർച്ചയിൽ പണ്ഡിതനായ എം എൻ കാരശ്ശേരി തീവ്രവാദികൾക്ക് വേണ്ടി ഘോരഘോരമായി വാദിക്കുന്നത് കേട്ടു. ഇസ്ലാമിസ്റ്റുകളുടെ ആപത്തിനെ കുറിച്ച് മലയാളത്തിൽ എഴുതപ്പെട്ട പുസ്തകങ്ങളിൽ ഞാൻ വായിച്ചത് കാരശ്ശേരിയുടേതാണ്. അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തിന് എന്താണ് കാരണമെന്ന് മനസ്സിലാവുന്നില്ല. മാവോയിസ്റ്റുകളെ ഇസ്ലാമിസ്റ്റുകൾ പ്രോത്സാഹിപ്പിക്കുന്നത് ഒരു പുതിയ കാര്യമല്ല. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ ഇസ്ലാമിസ്റ്റുകൾക്കും പങ്കുണ്ട് എന്നാണ് മാവോയിസ്റ്റുകൾ കരുതുന്നത്. ആശയപരമായി മാത്രമല്ല പ്രയോഗികമായും ഇവർ ഒത്തു ചേരുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.