കണ്ണൂർ:സമുദ്ര സുരക്ഷ ഒരുക്കുന്നതിൽ ഇന്ത്യൻനാവിക സേന മികച്ച സേവനമാണ് നടത്തുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ഏഴിമല നാവിക അക്കാഡമിക്ക് പ്രസിഡന്റ്സ് കളർ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു കര, നാവിക, വ്യോമ സേനകളുടെ സർവസൈന്യാധിപൻ കൂടിയായ രാഷ്ട്രപതി. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിന് നമ്മുടെ സൈന്യം സുസജ്ജമാണ്. രാജ്യത്തിന്റെ പതാക ഒരിക്കലും താഴെ പോകാൻ അനുവദിക്കരുത്. രാജ്യം വിവിധ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ സേനാ വിഭാഗങ്ങൾ ജാഗ്രതയോടെ ഇരിക്കേണ്ടത് അനിവാര്യമാണ്. പരമ്പരാഗത വെല്ലുവിളികൾക്ക് പുറമേ രാജ്യം മറ്റ് പലവെല്ലുവിളികളും നേരിടുകയാണ്. പ്രകൃതിദുരന്തടക്കമുളള ഘട്ടങ്ങളിൽ നാവികസേനയുടെ പ്രവർത്തനം അനിവാര്യമായ കാലഘട്ടമാണ്. ഇതിന് സേന കൂടുതൽ സജ്ജമാകണം. മികച്ച സേവനത്തിനുള്ള ഈ പുരസ്‌കാരം മുന്നോട്ടുള്ള പ്രയാണത്തിൽ ഊർജമാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
ആധുനിക വിവര സാങ്കേതിക വിദ്യകൾ സേനാ വിഭാഗങ്ങളുടെ പരിശീലനങ്ങൾക്ക് പൂർണ്ണമായും പ്രയോജനപ്പെടുത്താൻ കൂടി നമുക്ക് കഴിയണമെന്നും രാഷ്ട്രപതി പറഞ്ഞു. വരാനിരിക്കുന്നത് വിവര സാങ്കേതികയുടെ കാലമാണെന്നും ഇതിനനുസൃതമായി പരിശീലനത്തിലടക്കം ആവശ്യമായ മാറ്റം വരുത്തണമെന്നും രാഷ്ട്രപതി ഉദ്‌ബോധിച്ചു.
അഭിമാന ദിനം സാക്ഷാത്കരിക്കുന്നതിനുള്ള കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും നാവിക സേനാ ഉദ്യോഗസ്ഥരെ രാഷ്ട്രപതി അഭിനന്ദിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ അക്കാഡമി സ്വന്തമാക്കിയ പ്രശസ്തിയെ ഇത് വ്യക്തമാക്കുന്നു. പരിശീലനം നേടുന്ന ഉദ്യോഗസ്ഥരെ പ്രചോദിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള പ്രചോദനാത്മക ചിഹ്നമായിരിക്കണം ഇപ്പോൾ ലഭിച്ചിരിക്കുന്ന പുരസ്‌കാരം.
നാവിക അക്കാദമിയിലെ അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും ലോകോത്തര നിലവാരത്തിലുള്ളതാണ്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിയിൽ ലഭ്യമാണ്. അതു കൊണ്ടു തന്നെ ഇവിടെ നിന്ന് പരിശീലനം കഴിഞ്ഞ് ഇറങ്ങുന്നവർ രാജ്യത്തിന്റെ സേനയ്ക്ക് മുതൽകൂട്ടാവുമെന്ന് ഉറപ്പാണെന്നും രാഷ്ട്രപതി പറഞ്ഞു.