കാസർകോട്: മംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് പാഴ്സൽ ബുക്ക് ചെയ്ത് ടൂറിസ്റ്റ് ബസുകളിൽ വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നു. ട്രെയിനുകളിൽ കേരളത്തിലേക്ക് കടത്തുന്നത് വ്യാപകമായി പിടിക്കപ്പെടാൻ തുടങ്ങിയതാണ് പാഴ്സൽ ബുക്ക് ചെയ്ത് കടത്താൻ സംഘത്തെ പ്രേരിപ്പിക്കുന്നത്. ടൂറിസ്റ്റ് ബസുകളിൽ വല്ലപ്പോഴും മാത്രമാണ് പരിശോധനയുള്ളത്. ഇന്നലെ രാത്രി ഒമ്പതരയോടെ മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ എ.ആർ.01. എച്ച്.9919 നമ്പർ ദുർഗാംബ ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 200,000 രൂപ വിലമതിക്കുന്ന അര ക്വിന്റൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

കഴിഞ്ഞ 14 ന് ഇതേ ടൂറിസ്റ്റ് കമ്പനിയുടെ എ ആർ.01 എച്ച്.9459 നമ്പർ ദുർഗാംബ ടൂറിസ്റ്റ് ബസിൽ നിന്ന് 350 കിലോയോളം പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിനെക്കുറിച്ച് ബസ് ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്നാണ് മംഗലാപുരത്തു നിന്ന് കോഴിക്കോട് തൃശൂർ വഴി എറണാകുളത്തേക്ക് പാഴ്സൽ ആയി ബുക്ക് ചെയ്തതാണെന്ന് അറിഞ്ഞത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.സച്ചിദാനന്ദന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് കമ്മിഷണർ നേരിട്ട് ആവശ്യപ്പെട്ടത് പ്രകാരമാണ് ചെക്ക് പോസ്റ്റിൽ ടൂറിസ്റ്റ് ബസുകളിലെ പരിശോധന കർശനമാക്കിയത്. ഇൻസ്പെക്ടർ മുരളീധരൻ എസ്. ബി, പ്രിവന്റീവ് ഓഫീസർമാരായ ബിജോയ്‌. ഇ. കെ , രാജിവൻ.പി , സിവിൽ എക്സൈസ് ഓഫീസർ ജാസ്മിൻ സേവ്യർ, എൽ.മോഹനകുമാർ എന്നിവരാണ് വാഹന പരിശോധന നടത്തിയത് .