ചെറുവത്തൂർ: ഓട്ടോ ഡ്രൈവറായ യുവാവിനെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി ആക്രമിച്ച് കാല് തല്ലിയൊടിച്ച ശേഷം റോഡരികിൽ ഉപേക്ഷിച്ചു കടന്നു. സംഭവത്തിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ചെറുവത്തൂർ കൈതക്കാട് കോളനിയിലെ ഓട്ടോ ഡ്രൈവർ എൻ.കെ. ഷബീറിനെ (20) യാണ് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. ഓട്ടോ ഡ്രൈവറായ സുഹൃത്ത് രക്ഷപ്പെടുത്തിയ യുവാവിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടന്ന സ്വദേശികളായ സലിം, സാബിർ, റസാഖ്, ദിൽഷാദ് എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് ഷബീർ പൊലീസിനോട് പറഞ്ഞു.
നബിദിന പരിപാടിക്ക് മൈക്ക് പ്രചാരണം നടത്തുന്നതുമായി ബന്ധപ്പെട്ട് എടച്ചാക്കൈ ബദർ മസ്ജിദിന് സമീപം ഓട്ടോയുമായി എത്തിയ ഷബീറിനെ കാറിൽ പിന്തുടർന്നെത്തിയ നാലു പേർ ചേർന്ന് ബലമായി വലിച്ചുകയറ്റി ആയിറ്റി റിസോർട്ടിന് സമീപം എത്തിച്ച് മാരകായുധങ്ങൾ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നുവത്രെ. അടിയേറ്റ് കാലിനും നട്ടെല്ലിനും ചെവിക്കും സാരമായ ക്ഷതമേറ്റിട്ടുണ്ട്. പ്രതികളിൽ ഒരാളായ റസാഖിനുണ്ടായ ചില തെറ്റിദ്ധാരണകളാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു.