കാസർകോട്: ഇരുപത്തിയെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടിൽ കലോത്സവമെത്തുമ്പോൾ മത്സരവേദികളിൽ തിളങ്ങാനാവില്ലെന്ന നിരാശയിൽ മാറിനിൽക്കില്ലെന്ന വാശിയിലാണ് മേലാങ്കോട്ടെ യു.പി സ്‌കൂൾ കുട്ടികൾ. ചെണ്ടയുടെ താളവട്ടത്തിൽ വാദ്യവിസ്മയം തീർക്കാൻ പരിശീലനം നേടിയ നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് കലോത്സവ വിശേഷം നാടെങ്ങും കൊട്ടി അറിയിക്കുക. തായമ്പക വിദഗ്ദ്ധൻ മടിക്കൈ ഉണ്ണികൃഷ്ണമാരാരുടെ നേതൃത്വത്തിൽ മണികണ്ഠ മാരാർ ഉപ്പിലിക്കൈ, മടിക്കൈ ജയകൃഷ്ണമാരാർ , മടിക്കൈ ഹരീഷ് മാരാർ എന്നിവരാണ് ഒരു മാസം കൊണ്ട് താളമേളം തീർക്കാൻ കുട്ടികളെ പഠിപ്പിച്ചത്.

കരിങ്കല്ലിൽ പുളിവടി കൊണ്ട് കൊട്ടി അദ്ധ്യയനത്തിന് മുടക്കം വരുത്താതെ ദിവസവും രാവിലെ 7.30 മുതൽ ഒമ്പത് മണി വരെയായിരുന്നു പരിശീലനം. മേലാങ്കോട്ടെ കുട്ടിക്കൂട്ടം കൊട്ടിക്കലാശത്തിലേക്ക് കടക്കുന്നതോടെ കാഴ്ചക്കാരും അറിയാതെ താളം പിടിക്കുമെന്നുറപ്പാണ്. കുട്ടികളെ മൂന്നായി തിരിച്ച് 20 പേർ വീതം വലംതലയും ഇലത്താളവും വായിക്കും. കൊമ്പും കുഴലും താളമിടുമ്പോൾ മേളപ്പന്തിയാവും കലോത്സവ നഗരി.

ഫോട്ടോ... ചെണ്ടവാദ്യത്തിൽ പരിശീലനം നേടിയ മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്‌കൂളിലെ വിദ്യാർത്ഥികൾ