ഇന്നലെ കൈമാറിയത് 5 ഏക്കർ
ഇനി വേണ്ടത് 15 ഏക്കർ
കിഫ്ബിയിൽ നിന്ന് ലഭിച്ചത് 10 കോടി
പൊതുമരാമത്ത് വകുപ്പിൽ നിന്നും 2 കോടി
നീലേശ്വരം: കരിന്തളം ഗവൺമെന്റ് കോളേജിനായി റവന്യു വകുപ്പ് സ്ഥലം അളന്നു തിട്ടപ്പെടുത്തി കൈമാറി. കൊല്ലമ്പാറ കക്കോലിൽ റവന്യു വകുപ്പിന്റെ അധീനതയിലുള്ള 5 ഏക്കർ സ്ഥലമാണ് കോളേജ് അധികൃതർക്ക് കൈമാറിയത്.
കോളേജിനു വേണ്ടി 20 ഏക്കർ സ്ഥലം അനുവദിക്കാൻ ജില്ല കളക്ടർ ഉത്തരവായിരുന്നു. അതിൽ 5 ഏക്കറാണ് ഇന്നലെ കൈമാറിയത്. ഇപ്പോൾ അനുവദിച്ച 5 ഏക്കർ സ്ഥലത്ത് കോളേജ് കെട്ടിടം, ലൈബ്രറി, കാന്റീൻ സൗകര്യങ്ങൾക്കുള്ള കെട്ടിടം എന്നിവ പണിയാനെ സാധിക്കൂ. 15 ഏക്കർ കൂടി കിട്ടിയാൽ മാത്രമെ പ്ലേ ഗ്രൗണ്ട്, ഹോസ്റ്റൽ കെട്ടിടം എന്നിവ പണിയാൻ കഴിയുകയുള്ളു.
കോളേജിന് കിഫ്ബി യിൽ നിന്ന് 10 കോടി രൂപയും പൊതുമരാമത്ത് വകുപ്പിൽ നിന്ന് 2 കോടി രൂപയും അനുവദിച്ചിരുന്നു. അടുത്ത് തന്നെ കിഫ്ബി ഉദ്യോഗസ്ഥലർ സ്ഥലം സന്ദർശിച്ച് അനുവാദം കിട്ടിയാൽ കെട്ടിടം പണി ആരംഭിക്കും.
ഇന്നലെ കൊല്ലമ്പാറ കക്കോലിൽ വെള്ളരിക്കുണ്ട് തഹസിൽദാർ ടി. കുഞ്ഞിക്കണ്ണൻ, കോളേജ് പ്രിൻസിപ്പാൾ സി. ബാബുരാജിന് സ്ഥലം അളന്നു തിട്ടപ്പെടുത്തിയ രേഖ കൈമാറി. തഹസിൽദാറെ കൂടാതെ വില്ലേജ് ഓഫീസർ ആർ.വി. പ്രകാശ്, വില്ലേജ് അസിസ്റ്റന്റ് കെ.പി. രമേശൻ, കോളേജ് ജനകീയ വികസന സമിതി അംഗങ്ങളായ വാർഡ് മെമ്പർ പി. ചന്ദ്രൻ, ടി.കെ. രവി, വി. സുധാകരൻ, അഡ്വ. കെ.കെ. നാരായണൻ, എൻ. പുഷ്പരാജൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ഇപ്പോൾ പ്രവർത്തനം താത്കാലിക കെട്ടിടത്തിൽ
ഇപ്പോൾ കരിന്തളത്ത് താൽക്കാലിക കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. ഇവിടെ ബി.എ. ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ബി.കോം എന്നീ ഡിഗ്രി കോഴ്‌സുകളാണ് ഉള്ളത്. കെട്ടിടം പണി പൂർത്തിയായാൽ സയൻസ് വിഷയങ്ങളും ആരംഭിക്കാൻ കഴിയും.
വെള്ളരിക്കുണ്ട് തഹസിൽദാർ ടി. കുഞ്ഞിക്കണ്ണൻ, കോളേജ് പ്രിൻസിപ്പാൾ സി. ബാബുരാജിന് സ്ഥലം അളന്നു തിട്ടപ്പെടുത്തിയ രേഖ കൈമാറുന്നു
സി.ഐ.ടി.യു നീലേശ്വരം ഏരിയാ കൺവൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി. കമലാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു