കാസർകോട്: 'ജീവപര്യന്തം തടവ് ശിക്ഷ നൽകിയ കോടതി വിധിയിൽ തികഞ്ഞ സംതൃപ്തിയുണ്ട്...അത്രയധികം പണിപ്പെട്ട് അന്വേഷണം നടത്തിയ കേസിൽ ഈയൊരു വിധി ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.. ഏറ്റവും മികച്ച ശിക്ഷ തന്നെയാണ് കിട്ടിയത്...' മൻസൂർ അലി കൊലക്കേസിന്റെ അന്വേഷണോദ്യോഗസ്ഥനായിരുന്ന സി.ഐ. വി.വി. മനോജിന്റേതാണ് ഈ വാക്കുകൾ.
സാക്ഷികളും തെളിവുകളും ഇല്ലാതിരുന്ന കൊലപാതക കേസ് തെളിയിക്ക പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിച്ചു കൊടുക്കാനും സാധിച്ചത് അന്നത്തെ കുമ്പള സി.ഐ ആയിരുന്ന വി.വി.മനോജിന്റെ അന്വേഷണ മികവ് തന്നെയായിരുന്നു. സ്വർണ്ണ വ്യാപാരി തളങ്കരയിലെ മൻസൂർ അലിയെ കൊന്ന് പൊട്ട കിണറ്റിൽ തള്ളിയതിന് സാക്ഷികളോ തെളിവുകളോ ഉണ്ടായിരുന്നില്ല. വെറുമൊരു മിസ്സിംഗ് കേസായി രജിസ്റ്റർ ചെയ്തത് , പൊട്ടക്കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയതോടെയാണ് പഴുതുകൾ അടച്ച് കഠിനാദ്ധ്വാനം ചെയ്ത് അന്വേഷണം നടത്തി കൊലയാണെന്ന് തെളിയിച്ചത്.
സാഹചര്യ തെളിവുകൾ മാത്രമുണ്ടായിരുന്ന കേസിൽ മൊബൈൽ ഫോൺ കോൾലിസ്റ്റ് പരിശോധിച്ചാണ് പൊലീസ് കൊലയാളികളിലേക്ക് എത്തിയത്. പ്രതികൾ ആണെങ്കിൽ വിവിധ സംസ്ഥാനങ്ങളിൽ. ഇവർക്കെതിരായ തെളിവ് ശേഖരണം വലിയ വെല്ലുവിളിയായിരുന്നു എന്ന് സി.ഐ പറയുന്നു. മൂന്ന് മാസം കൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും അന്വേഷണം പൂർത്തിയാക്കുകയും ചെയ്ത കേസിൽ 82 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിക്കാനും സി.ഐക്കും സംഘത്തിനും കഴിഞ്ഞു. കോടതി ശിക്ഷ വിധിക്കുന്നത് വരെയും രണ്ടാം പ്രതി ജയിലിൽ തന്നെയായിരുന്നു. ഒന്നാം പ്രതി മാരിമുത്തു ഹൈക്കോടതിയിൽ നിന്നും ജാമ്യമെടുത്ത് മുങ്ങുകയായിരുന്നുവെന്നും വി.വി. മനോജ് പറഞ്ഞു.
പടം.. സി.ഐ വി.വി. മനോജ്