തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നഗരത്തിൽ നടപ്പിൽ വരുത്തിയ ഗതാഗത പരിഷ്കരണത്തിൽ പൊലീസ് സഹകരിക്കുന്നില്ലെന്ന് ആരോപണം. പൊലീസിന്റെ ഇടപെടലുകൾ ഇല്ലാത്തതിനാൽ ട്രാഫിക് പരിഷ്കരണം പൂർണ്ണമായും നടപ്പിലാക്കാൻ കഴിയുന്നില്ലെന്ന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ചേർന്ന ട്രാഫിക് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ടേഡ് യൂണിയനുകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗത്തെ തുടർന്ന്, വിശദമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയതെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്നുള്ള നിസ്സഹരണം മൂലം വാഹന പാർക്കിംഗും ബസ് സ്റ്റാൻഡിൽ ബസ് കയറാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുഗമമായി നടത്താൻ സാധിക്കുന്നില്ലെന്ന് യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
പ്രസിഡന്റ് വി.പി. ഫൗസിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. ബാവ, പി. കുഞ്ഞിക്കണ്ണൻ, രവീന്ദ്രൻ, ഷംസീർ മണിയനൊടി, കെ. ബാലചന്ദ്രൻ, എം.പി.ബി ജീഷ്വ, നൂറുൽ അമീൻ, കെ.വി. കുഞ്ഞിരാമൻ, സെക്രട്ടറി കെ.പി. സുധീർ എന്നിവർ പ്രസംഗിച്ചു.
യോഗ തീരുമാനങ്ങൾ
ബസ് സ്റ്റാൻഡിനു കിഴക്കുഭാഗത്തായി നിശ്ചിത പാർക്കിംഗ് ഏരിയയിൽ ഒരു മണിക്കൂറിൽ കൂടാതെ വാഹന പാർക്കിംഗ് അനുവദിക്കും
വെള്ളാപ്പ് റോഡ്, തങ്കയം മുക്ക് എന്നിവിടങ്ങളിൽ ഓട്ടോ പാർക്കിംഗ് ബോർഡ് വയ്ക്കും
കെ.എം.കെ സ്മാരക കലാസമിതിക്കു മുന്നിൽ ഇറച്ചിക്കടമുതൽ ബുർജ് കെട്ടിടം വരെ ഇരുചക്ര വാഹന പാർക്കിംഗ് ക്രമീകരിക്കും
ക്ലോക്ക് ടവറിന് സമീപം ടൗൺ ജുമാ മസ്ജിദ് ഷോപ്പിംഗ് കെട്ടിടത്തിനു മുന്നിൽ പാർക്കിംഗ് നിരോധിക്കും