കണ്ണൂർ: കണ്ണൂർ എസ്.എൻ കോളേജിൽ നിന്ന് ബംഗളൂരുവിലേക്ക് പഠനയാത്ര പോയി തിരിച്ചെത്തിയ വിദ്യാർത്ഥിനി മയോകാർഡിറ്റിസ് ബാധയെ തുടർന്ന് മരിച്ചു. മൂന്നാംവർഷ മാത്തമറ്റിക്‌സ് ബിരുദ വിദ്യാർത്ഥിനി കൂത്തുപറമ്പ് കോട്ടയം മലബാർ തള്ളോട്ടെ ആര്യശ്രീയാണ് (20) ചികിത്സയ്ക്കിടെ മരിച്ചത്.ഭക്ഷണത്തിൽ നിന്നും വെള്ളത്തിൽ നിന്നും ഹൃദയത്തിലേക്കു പകരുന്ന ഒരുതരം അണുബാധയാണിത്.. രോഗം മൂർച്ഛിച്ചാൽ ഹൃദയാഘാതം സംഭവിക്കും. ഹൃദയ ധമനികളിലുണ്ടാകുന്ന വീക്കമാണ് മരണത്തിന് കാരണമാവുക.
54 വിദ്യാർത്ഥികളുടെ സംഘം മൂന്നു ദിവസത്തെ പഠനയാത്ര കഴിഞ്ഞ് ചൊവ്വാഴ്ചയാണ് തിരിച്ചെത്തിയത്. പനിയെ തുടർന്ന് പിറ്റേന്നു രാവിലെ ആര്യശ്രീയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാവിലെയാണ് ആരശ്രീ ആശുപത്രിയിൽ മരിച്ചത്. പഠനയാത്രയ്ക്കു പോയിരുന്ന പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നാലുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിദ്യാർത്ഥികളുടെ രക്തസാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കോട്ടയം തള്ളോട്ടെ അദ്ധ്യാപകനായ എൻ. അനിൽകുമാറിന്റെ മകളാണ് ആര്യശ്രീ. കോട്ടയം അങ്ങാടി വനിതാ സഹകരണ സംഘം സെക്രട്ടറി ശ്രീഷയാണ് അമ്മ. അമയ സഹോദരി.