കാസർകോട്: കാസർകോട് മെഡിക്കൽ കോളജിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. അക്കാഡമിക് ബ്ലോക്കിന്റെ 90 ശതമാനവും ആശുപത്രി സമുച്ചയത്തിന്റെ 25 ശതമാനവും നിർമാണം പൂർത്തിയായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയ്ക്ക് മറുപടി നൽകി. നിർമാണം പൂർത്തിയാക്കി പ്രവർത്തനം എത്രയും പെട്ടെന്ന് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി.
385 കോടി രൂപയുടെ അടങ്കൽ തുകയ്ക്കുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കാസർകോട് മെഡിക്കൽ കോളജിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 30 കോടി രൂപ അനുവദിച്ചിരുന്നു. ആശുപത്രി സമുച്ചയത്തിന്റെ നിർമാണത്തിനായി 58.18 കോടി രൂപ നബാർഡ് ധനസഹായമുൾപ്പെടെ 95.08 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. കുടിവെള്ള വികസനത്തിനായി എട്ട് കോടി രൂപയുടെയും ഫാക്കൽട്ടികളുടെ ക്വാർട്ടേഴ്‌സിന്റെയും ലേഡീസ് ഹോസ്റ്റലിന്റെയും നിർമാണത്തിനായി 29.01 കോടി രൂപയുടെയും പ്രൊപ്പോസൽ ലഭ്യമായിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകിയിട്ടുണ്ട്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഇത് നടപ്പിലാക്കുന്ന കാര്യം പരിശോധിച്ചുവരുന്നതായും മന്ത്രി അറിയിച്ചു. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സമുച്ചയം, ജീവനക്കാരുടെ ക്വാർട്ടേഴ്‌സ്, ജലവിതരണ സംവിധാനം, ചുറ്റുമതിൽ എന്നിവയുടെ പ്രവർത്തികൾ പദ്ധതി വിഹിതമായും കാസർകോട് വികസന പാക്കേജ് വഴിയും നടപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വിശദീകരിച്ചു.