1991ൽ കടമെടുത്തത് 6 ലക്ഷം

ഇപ്പോൾ പലിശയടക്കം 16 ലക്ഷം

നീലേശ്വരം: ചോയ്യങ്കോട് ഭീമനടി റോഡിൽ തോളേനിയിൽ 28 വർഷം മുമ്പ് ഓട്ടുകമ്പനി തുടങ്ങാൻ പദ്ധതിയിട്ടെങ്കിലും പണിതത് പുകക്കുഴൽ മാത്രം.

രണ്ട് ഏക്കർ സ്ഥലത്ത് ഖാദിഗ്രാമ വ്യവസായ ബോ‌ർഡിന്റെ സഹകരണത്തോടെ നീലേശ്വരം ബ്ലോക്ക് ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ഓടു വ്യവസായം തുടങ്ങാൻ പദ്ധതിയിട്ടിരുന്നത്. അന്ന് 6 ലക്ഷം രൂപ അന്നത്തെ ഡയറക്ടർ ബോർഡ് കടമെടുക്കുകയും ചെയ്തിരുന്നു.

പുകക്കുഴൽ പണിത ശേഷം ഭരണസമിതി യോഗം കൂടിയതല്ലാതെ കമ്പനിക്കായി കാര്യമായ പ്രവർത്തനം ഒന്നും നടന്നില്ല. അതിനിടെ 6 ലക്ഷം കടമെടുത്തത് പലിശയും കൂട്ടുപലിശയുമടക്കം 16 ലക്ഷം രൂപയോളമായി. അതിനിടെ അന്നത്തെ ഭരണസമിതിയിലെ ചില അംഗങ്ങൾ മരിച്ചു പോവുകയും ചിലർ സ്വമേധയാ ഒഴിഞ്ഞുപോവുകയും ചെയ്തു.

ഓട് വ്യവസായം തുടങ്ങാൻ മണ്ണ് കിട്ടാനില്ലെന്ന കാരണം പറഞ്ഞ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ തുടർന്നുവന്ന ഭരണ സമിതി തയ്യാറായതുമില്ല.

മുൻ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. നാരായണൻ പ്രസിഡന്റായുള്ള നിലവിലുള്ള ഭരണസമിതി അധികാരമേറ്റതോടെയാണ് വീണ്ടും പദ്ധതിയെ കുറിച്ച് ആലോചിച്ചത്. ഖാദി ബോർഡ്, ജില്ല ബാങ്ക്, എസ്.ബി.ഐ എന്നിവയെ സമീപിച്ചുവെങ്കിലും ആരും ബാദ്ധ്യതയുള്ള കമ്പനിക്ക് കടം കൊടുക്കാൻ തയ്യാറായില്ല. വീണ്ടും ഖാദി ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പുതിയ വേറെ ഏതെങ്കിലും വ്യവസായം തുടങ്ങാൻ പ്രോജക്ട് തയ്യാറാക്കാൻ ആവശ്യപ്പെടുകയായിരുന്നു.

വരുന്നത് ഇന്റർലോക്ക് വ്യവസായം

പുതിയ ഭരണസമിതി 42 ലക്ഷം രൂപയുടെ പ്രോജക്ട് തയാറാക്കി ഇന്റർലോക്ക് വ്യവസായം തുടങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണ്. ഈ പ്രോജക്ട് ഖാദി ബോർഡ് അംഗീകരിച്ചിട്ടുമുണ്ട്.നിലവിലുള്ള ഭരണസമിതിയുടെ കാലാവധി തീരുന്നതിനാൽ അടുത്ത മാസം 7 ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതി അധികാരമേറ്റാൽ വ്യവസായം തുടങ്ങാമെന്നുള്ള പ്രതീക്ഷയിലാണ് സംഘം പ്രവർത്തകർ.

പാതിവഴിയിൽ ഉപേക്ഷിച്ചത് യു.ഡി.എഫ് ഭരണസമിതി
യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കമ്പനി തുടങ്ങിയത്.15 വർഷത്തോളം ഇവർ ഭരണം നടത്തിയെങ്കിലും കടമെടുത്ത സംഖ്യ തിരിച്ചടക്കാതെ പലിശ കൂടി വരികയും, ഭരണസമിതി യോഗം ചേരാതെ പാതിവഴിയിൽ ഉപേക്ഷിച്ച് പോവുകയുമായിരുന്നു. പിന്നീട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏറ്റെടുക്കുകയായിരുന്നു. ഈ സമയത്താണ് പുതിയ മെമ്പർഷിപ്പ് ചേർത്ത് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നിലവിൽ വന്നത്. മുൻ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. നാരായണൻ പ്രസിഡന്റാകുകയും ചെയ്തു.