കണ്ണൂർ:ഉൽസവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ വനംവകുപ്പ് തീരുമാനിച്ചു..ജില്ലാ കളക്ടർ ടി വി സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ രജിസ്റ്റർ ചെയ്ത 46 ഉത്സവക്കമ്മിറ്റികൾക്കു മാത്രമേ ഉത്സവങ്ങളിൽ ആനയെ പങ്കെടുപ്പിക്കാൻ അനുവാദമുള്ളൂ. അനുമതിയില്ലാത്തവർ ആനയെ എഴുന്നള്ളിച്ചാൽ ശക്തമായ നടപടി കൈക്കൊള്ളും.
ജില്ലയ്ക്കു പുറത്തുനിന്ന് ആനയെ കൊണ്ടുവരുന്നവർ വനം വകുപ്പിൽ നിന്ന് മുൻകൂർ അനുമതി തേടണം. ഉത്സവങ്ങളിൽ മൂന്നിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കുന്നവർ പരിശീലനം നേടിയ പാപ്പാൻമാരുടെ പ്രത്യേക സ്‌ക്വാഡിന്റെ സേവനം ഉറപ്പുവരുത്തണം. അഞ്ചിൽ കൂടുതൽ ആനകളെ പങ്കെടുപ്പിക്കുന്നവർ വെറ്ററിനറി സ്‌ക്വാഡിന്റെ സേവനവും ലഭ്യമാക്കണം.
ആനയുടെ സമീപത്ത് വച്ച് പടക്കം പൊട്ടിക്കുക, സെൽഫി എടുക്കുക തുടങ്ങിയ ഒരു പ്രവൃത്തിയും ആരിൽ നിന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താൻ അധികൃതർ ജാഗ്രത പാലിക്കണം. ജില്ലയിൽ എലിഫന്റ് വെറ്ററിനറി സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ചീഫ് വെറ്ററിനറി ഓഫീസർ സി. പി. പ്രസാദ്, അസിസ്റ്റന്റ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ജി പ്രദീപ്, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ ഇൻചാർജ് കെ. വി. മനോജ് കുമാർ, ആന ഉടമകൾ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നിയമം നിലവിലുണ്ട്.. എന്നിട്ടും....
വാഹനത്തിൽ ആനകളെ കൊണ്ടു പോകാൻ 2012 ലെ നാട്ടാന പരിപാലന നിയമം കർശനമായ മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും ഇതു പാലിക്കപ്പെടാറില്ല. കയറ്റും മുമ്പ് ഭക്ഷണം കൊടുക്കണം. , കരുതൽ ഭക്ഷണം വാഹനത്തിൽ ഉണ്ടായിരിക്കണം. നടത്തിക്കൊണ്ടാണ് പോകുന്നതെങ്കിൽ ഒരു ദിവസം 30 കിലോമീറ്ററിൽ കൂടുതൽ നടത്തരുത്. പന്ത്രണ്ട് അടി നീളത്തിൽ കുറഞ്ഞ വാഹനങ്ങൾ ആനകളെ കൊണ്ട് പോകാൻ ഉപയോഗിക്കരുത്. . പന്ത്രണ്ടു മണിക്കൂർ യാത്ര ചെയ്താൽ 12 മണിക്കൂർ വിശ്രമം അത്യാവശ്യം. , മിനിമം വേഗതയെ പാടുള്ളു. വാഹനം പെട്ടന്നുള്ള ബ്രേക് ചെയ്യൽ ഒഴിവാക്കണം , ഒരു വണ്ടിയിൽ മിനിമം രണ്ടു പാപ്പാന്മാർ ഉണ്ടാവണം. ഈ നിയമങ്ങൾ പാലിക്കണമെന്നത് നിർബന്ധമാണെങ്കിലും ഇതൊന്നും നടക്കാറില്ല. നാട്ടാനകളിൽ വളരെ കുറഞ്ഞ എണ്ണത്തിന് മാത്രമാണ് ഇന്ന് ശരിയായ പരിചരണം ലഭിക്കുന്നത്.