തൃക്കരിപ്പൂർ: ഇളമ്പച്ചി -തലിച്ചാലം റെയിൽവേ അടിപ്പാത വഴിയുള്ള ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ കഴിയാവുന്ന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. സി.പി.എം സൗത്ത് തൃക്കരിപ്പൂർ ലോക്കൽ കമ്മിറ്റി, എം. രാജഗോപാലൻ എം.എൽ.എയുടെ നേതൃത്വത്തിൽ പരാതി നൽകിയപ്പോൾ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവിലെ ലെവൽക്രോസ് മാറ്റിയാണ് പകരം രണ്ട് വർഷം മുമ്പ് അടിപ്പാത നിർമ്മിച്ചത്. ചെറിയ മഴ വന്നാൽ തന്നെ വെള്ളം നിറഞ്ഞ് ഗതാഗതം മുടങ്ങും. കാൽനട യാത്ര പോലും തടസപ്പെടുത്തുന്ന റെയിൽവെയുടെ തല തിരിഞ്ഞ നിലപാട് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മൂന്നരക്കോടി രൂപ ചെലവിൽ പണിത റെയിൽവേയുടെ നിർമ്മാണത്തിന്റെ ആരംഭത്തിൽ തന്നെ സമനിരപ്പിൽ നിന്നും താഴേക്കൂടിയുള്ള നിർമ്മാണം പ്രായോഗികമല്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയതാണ്. ഇതിൽ പ്രതിഷേധിച്ചതിനെ തുടർന്ന് നാട്ടുകാരുടെ പേരിൽ പൊലീസ് കേസും നിലവിലുണ്ട്.

സി.പി.എം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയംഗം പി.എ. റഹ്മാൻ, കെ. രഘുനാഥൻ, ടി.വി വിനോദ് കുമാർ, ടി.വി ഹരീഷ്, ടി. മിഥുൻ എന്നിവരും എം.എൽ.എയോടൊപ്പം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ദുരവസ്ഥ വിശദീകരിച്ചു.