മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴു യാത്രക്കാരിൽ നിന്നായി അഞ്ചര കിലോഗ്രാം സ്വർണം പിടികൂടി. രഹസ്യവിവരത്തെ തുടർന്നു ഡി.ആർ.ഐ കണ്ണൂർ യൂണിറ്റും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്തുകാർ പിടിയിലായത്.
വ്യാഴാഴ്ച രാത്രി മസ്കറ്റിൽ നിന്ന് ഗോഎയർ വിമാനത്തിലെത്തിയ ബേപ്പൂർ സ്വദേശി മുഹമ്മദ് അമീറിൽ നിന്ന് 729 ഗ്രാം സ്വർണം കസ്റ്റസും കാസർകോട് സ്വദേശി മുഹമ്മദ് നാദിർ, കടവത്ത് അബൂബക്കർ, കോഴിക്കോട് നരിക്കുനിയിലെ കീഴ്പ്പറമ്പിൽ മുഹമ്മദ് ഷാഫി, മലപ്പുറം മഞ്ഞേരി കുപ്പത്തിൽ നഹീം, മലപ്പുറം കുറവത്ത് കയ്പ്പനി കുഴീക്കര പീടികയിൽ അജ്മൽ, കോഴിക്കോട്ടെ നാലുക്കടി പറമ്പിൽ മുജീബ് എന്നിവരിൽ നിന്ന് നാലര കിലോ സ്വർണം ഡി.ആർ.ഐയുമാണ് പിടികൂടിയത്. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നായി എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയവരാണിവർ.
പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗുളിക രൂപത്തിലും മറ്റുമാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പരിശോധനയിൽ സ്വർണം കണ്ടെത്തിയതിനാൽ ഇവരെ കസ്റ്റഡിയിലെടുത്ത് സ്വർണം പുറത്തെടുക്കുകയായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു.
ദിവസങ്ങൾക്കു മുമ്പ് നാലു യാത്രക്കാരിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന 30 കിലോ കുങ്കുമപൂവും സ്വർണവും ലഹരി വസ്തുക്കളും പിടികൂടിയിരുന്നു. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സ്വർണം ഉൾപ്പെടെയുള്ള കടത്ത് വ്യാപകമായതിനാൽ ഡി.ആർ.ഐയും കസ്റ്റംസും പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഡി.ആർ.ഐ ഉദ്യോഗസ്ഥർക്ക് പുറമെ പരിശോധനയിൽ കസ്റ്റംസ് അസി. കമ്മിഷണർ മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ പി.വി. സന്തോഷ് കുമാർ, പി.സി.ചാക്കോ, ഇൻസ്പെക്ടർമാരായ അശോക് കുമാർ, ജോയ് സെബാസ്റ്റ്യൻ, യുഗൽ കുമാർ സിംഗ്, സന്ദീപ് കുമാർ, ഹവിൽദാർമാരായ മുകേഷ്, പാർവതി എന്നിവർ പങ്കെടുത്തു.