പരിശോധന നടന്നത് 14 തട്ടുകടകളിൽ

ഉപയോഗിക്കുന്നത് സബ്സിഡി സിലിണ്ടർ

പലഹാരങ്ങൾ ഉണ്ടാക്കുന്നത് പഴകിയ എണ്ണയിൽ

കാസർകോട്: കാസർകോട് മുതൽ ചെർക്കള വരെയുള്ള ദേശീയപാതയ്ക്കരികിലെ രാത്രികാല തട്ടുകടകളിൽ ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ മറുനാടൻ യുവാവ് നടത്തിയിരുന്ന വിദ്യാനഗറിലെ പാനിപൂരി കട അടപ്പിച്ചു.

കഴിഞ്ഞദിവസം വൈകിട്ട് തുടങ്ങിയ പരിശോധന രാത്രി വൈകുവോളം നീണ്ടുനിന്നു. ഗുണനിലവാരമില്ലാത്ത വെള്ളം കുപ്പികളിലാക്കി ഉയർന്ന വിലയിൽ വിൽപന നടത്തുന്നതായും വൃത്തിഹീനമായ പാത്രങ്ങളിലാണ് പലയിടങ്ങളിലും ഭക്ഷണം വിളമ്പുന്നതെന്നും കണ്ടെത്തി. ഇത്തരം തട്ടുകടകൾ നടത്തുന്ന ഉടമകൾക്കെതിരെ മുന്നറിയിപ്പ് നൽകി.

തട്ടുകടകളിൽ ഗാർഹികാവശ്യത്തിനുള്ള സബ്‌സിഡി ലഭിക്കുന്ന പാചകവാതക സിലിണ്ടർ ഉപയോഗിക്കുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തട്ടുകട നടത്തുന്ന പരിസരങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നതായും എണ്ണപ്പലഹാരങ്ങൾ ആഴ്ചകളായി ഉണ്ടാക്കുന്നത് പാത്രത്തിൽനിന്ന് മാറ്റുകപോലും ചെയ്യാത്ത പഴയ എണ്ണകളിൽത്തന്നെയാണെന്നും പരിശോധനയിൽ കണ്ടെത്തി. പഴകിയ മാവുകളും പിടിച്ചെടുത്തിട്ടുണ്ട്. 14 തട്ടുകടകളിലാണ് പരിശോധന നടന്നത്. ഇവയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ പല തട്ടുകൾക്കും നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു