കണ്ണൂർ: നാലു ദിവസങ്ങളായി നടക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് വൈകുന്നേരത്തോടെ കൊടിയിറങ്ങും. ഹൈസ്‌ക്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ കണ്ണൂർ നോർത്താണ് മുന്നിൽ. സ്‌കൂളുകളിൽ കടമ്പൂർ ഹയർസെക്കൻഡറിയും(ഹൈസ്കൂൾ)​ ഹയർസെക്കൻഡറി തലത്തിൽ മമ്പറം എച്ച്.എസ്.എസുമാണ് മുന്നിൽ.

ഹയർസെക്കൻഡറിയിൽ കണ്ണൂർ നോർത്തിന് 299 പോയിന്റുണ്ട്. 265 പോയിന്റുള്ള കണ്ണൂർ സൗത്താണ് രണ്ടാം സ്ഥാനത്ത്. എച്ച്.എസ് വിഭാഗത്തിൽ കണ്ണൂർ നോർത്ത് 295 പോയിന്റുമായി മുന്നേറ്റം നിലനിർത്തുകയാണ്. കണ്ണൂർ സൗത്ത് 251 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. യു.പി വിഭാഗത്തിൽ 123 പോയിന്റുകൾ വീതം നേടി തലശ്ശേരി നോർത്ത്,​സൗത്ത് ഉപജില്ലകൾ ഒന്നാം സ്ഥാനത്തും 120 പോയിന്റുമായി കണ്ണൂർ സൗത്ത് രണ്ടാം സ്ഥാനത്തുമാണ്. എച്ച്.എസ് അറബിക്കിൽ ചൊക്ലി ഉപജില്ല 63 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. 61 പോയിന്റുള്ള കണ്ണൂർ നോർത്ത് രണ്ടാം സ്ഥാനത്തുമാണ്. യു.പി സംസ്‌കൃതത്തിൽ 73 പോയിന്റോടെ തളിപ്പറമ്പ് സൗത്ത് ഒന്നാം സ്ഥാനത്തും 68 പോയിന്റുള്ള പയ്യന്നൂർ രണ്ടാം സ്ഥാനത്തുമാണ്. ഹൈസ്‌കൂൾ സംസ്‌കൃതത്തിൽ 71 പോയിന്റുമായി മട്ടന്നൂർ ഉപജില്ല മുന്നിലാണ്.തലശ്ശേരി നോർത്താണ് രണ്ടാം സ്ഥാനത്ത്.ഇന്നലെ വിവിധ വേദികളിലായി കുച്ചുപുടി, സംഘഗാനം, ഭരതനാട്യം, നാടോടി നൃത്തം,വഞ്ചിപ്പാട്ട്, മോണോ ആക്ട്, ചാക്യാർകൂത്ത്, കൂടിയാട്ടം,ഓട്ടൻതുളളൽ,നാടകം,യക്ഷഗാനം എന്നിവ നടന്നു.