കാസർകോട്: കേരള സ്‌കൂൾ കലോത്സവ നഗരിയിൽ ഹരിതചട്ടം ശക്തമായി പാലിക്കുന്നതിനായി മുന്നൂറ് തുണി സഞ്ചികൾ കളക്ടർക്ക് നൽകി എ.യു.പിഎസ് മുള്ളേരിയയിലെ ഇക്കോ ക്ലബ്ബ് അംഗങ്ങൾ.
പെൻ ഫ്രണ്ട് പരിപാടിയിലൂടെ ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച്, അത് വിറ്റുകിട്ടിയ തുക തുണി സഞ്ചികൾക്കായി മാറ്റിവയ്ക്കുകയായിരുന്നു. കൂടെ പി.ടി.എ ഫണ്ടും ലഭിച്ചു. നേരത്തെ നടന്ന ഉപജില്ല, സബ്‌ജില്ല മത്സരങ്ങളിലും ഇവർ തുണിസഞ്ചികൾ സംഭാവനയായി നൽകിയിരുന്നു.
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നടത്തിയ പ്ലാസ്റ്റിക് ശേഖരണ പരിപാടിയിൽ സകൂളിലെ മുന്നൂറോളം കുട്ടികൾ അവരുടെ വീടുകളിൽ നിന്നും സ്‌കൂൾ പരിസരത്തു നിന്നുമായി ശേഖരിച്ചത് 250 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഇതിൽ നിന്നുണ്ടായ പ്രചോദനമാണ് തുണി സഞ്ചികൾ വിതരണം ചെയ്യുന്ന പരിപാടിക്ക് തുടക്കമായത്. ഇതിനെല്ലാം ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ പിന്തുണ നൽകിയെന്ന് എ.യു.പി.എസ് മുള്ളേരിയ ഇക്കോ ക്ലബ് കോ ഓഡിനേറ്റർ എം. സാവിത്രി പറഞ്ഞു. ഹെഡ്മാസ്റ്റർ എ. അശോക് അരളിത്തായ, എം. സാവിത്രി, പി.ടി.എ പ്രസിഡന്റ് എ.പത്മനാഭ, ഇക്കോ ക്ലബ്ബ് അംഗങ്ങളായ ബി. യദു കൃഷ്ണൻ, സി.എച്ച് സുഭാഷ് എന്നിവർ കളക്ടറുടെ ചേമ്പറിലെത്തിയാണ് സഞ്ചികൾ കൈമാറിയത്.