കാഞ്ഞങ്ങാട്: ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന മുനിസിപ്പൽ കൗൺസിൽ യോഗം അലങ്കോലമായി. ഇന്നലെ രാവിലെ 11 മണിയോടെ കൗൺസിൽ ഹാളിൽ ചേർന്ന യോഗമാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ബഹളത്തെ തുടർന്ന് അലങ്കോലമായത്.
സെക്രട്ടറിയുടെ കുറിപ്പോടുകൂടിയല്ലാതെ അജണ്ട വന്നതാണ് ലീഗ്, കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാരെ രോഷാകുലരാക്കിയത്. സെക്രട്ടറിയാകട്ടെ യോഗത്തിൽ സംബന്ധിച്ചതുമില്ല.
സെക്രട്ടറിയുടെ കുറിപ്പില്ലാത്ത അജണ്ട ചർച്ച ചെയ്യാൻ കഴിയില്ലെന്നും കൗൺസിൽ മാറ്റിവയ്ക്കണമെന്നും ലീഗ് അംഗങ്ങളായ എം.പി ജാഫർ, കെ. മുഹമ്മദ് കുഞ്ഞി, ഹസിനാർ കല്ലൂരാവി എന്നിവരാവശ്യപ്പെട്ടു. ബി.ജെ.പി അംഗങ്ങളായ സി.കെ വത്സലൻ, എച്ച്.ആർ ശ്രീധരൻ, സ്വതന്ത്രരായ അജയകുമാർ നെല്ലിക്കാട്, എച്ച്. റംഷീദ് എന്നിവരും ഇതേ നിലപാടിലായിരുന്നു. സി.പി.എമ്മുകാരായ ഗംഗാ രാധാകൃഷ്ണൻ, ടി.വി. ഭാഗീരഥി, സന്തോഷ് കുശാൽനഗർ എന്നിവർ റിപ്പോർട്ടില്ലെങ്കിലും ചർച്ച ചെയ്യുന്നതിൽ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും സെക്രട്ടറിയോ മറ്റുബന്ധപ്പെട്ടവരോ ആണ് മറുപടി പറയേണ്ടത് എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിന്നു. അജണ്ട പ്രാഥമികമായി ചർച്ച ചെയ്ത് സെക്രട്ടറിയോട് റിപ്പോർട്ട് തേടാമെന്ന് ചെയർമാൻ വി.വി. രമേശൻ നിർദ്ദേശിച്ചുവെങ്കിലും കൗൺസിലർമാർ അടങ്ങിയില്ല. യോഗം നടത്തിക്കൊണ്ടു പോകാൻ പറ്റില്ലെന്നു വന്നതോടെ ചെയർമാൻ ചേംബറിൽ നിന്നും എഴുന്നേറ്റു പോവുകയായിരുന്നു.
ചെയർമാൻ ചട്ടങ്ങളെ വെല്ലുവിളിക്കുന്നു: പ്രതിപക്ഷം
കാഞ്ഞങ്ങാട്: നഗരസഭ ചെയർമാൻ വി.വി രമേശൻ നഗരസഭാ ചട്ടങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ കൗൺസിലർമാരായ എം.പി ജാഫർ, കെ. മുഹമ്മദ്കുഞ്ഞി, കെ.കെ നാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ട് കിട്ടിയാൽ ഒരു മാസത്തിനകം അതിന്മേൽ ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതാണ്. എന്നാൽ 2017-18 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് എട്ടു മാസം വൈകിയാണ് ചർച്ചയ്ക്കു വന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ കിട്ടിയ റിപ്പോർട്ട് ഇതുവരെയും ചർച്ചയ്‌ക്കെടുക്കാഞ്ഞത് അതിൽ ക്രമക്കേട് വ്യാപകമായി കണ്ടെത്തിയതിനാലാണെന്നും അവർ പറഞ്ഞു. നിയമ പ്രകാരം കൗൺസിൽ യോഗം വിളിച്ചു ചേർക്കുന്നതുവരെ തങ്ങളുടെ പ്രതിഷേധം തുടരുമെന്നും കൗൺസിലർമാർ വ്യക്തമാക്കി.