കണ്ണൂർ: ജനാധിപത്യത്തിനുമേൽ ബി.ജെ.പി നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ കടന്നാക്രമണവും അട്ടിമറിയുമാണ് മഹാരാഷ്ട്രയിലേതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെയും നിയമാധിഷ്ഠിത സ്ഥാപനങ്ങളെയും ദുരുപയോഗപ്പെടുത്തിയാണ് ഈ അട്ടിമറി. ഇന്ത്യയിലെ ജനാധിപത്യപ്രസ്ഥാനം ഇതിനു ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ നിയമാധിഷ്ഠിത സ്ഥാപനങ്ങളെ ബി.ജെ.പി ഇതിനായി ദുരുപയോഗിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധം കൊണ്ടുമാത്രമേ ഇത്തരം നടപടികളെ പരാജയപ്പെടുത്താനാവൂ. ശരത്പവാറിനും ഇതിൽ പങ്കുള്ളതായി കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം നിലപാട് വ്യക്തമാക്കുകയും ഈ സംഭവവികാസങ്ങളിൽ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ടെന്നുമായിരുന്നു മറുപടി.

മറ്റു തരത്തിലുള്ള ഊഹാപോഹങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നതിൽ അർത്ഥമില്ല. കേരളത്തിലെ എൻ.സി.പി നേതാക്കളും അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര സംഭവം കേരളത്തിൽ സർക്കാരിനെയോ മുന്നണി ബന്ധത്തെയൊ ഒരു തരത്തിലും ബാധിക്കാനിടയില്ലെന്നും എസ്.ആർ.പി പറഞ്ഞു.