ഷോബി ആലപ്പുഴയും
പ്രമോദ് വെളിയനാടും
നടന്മാർ
മഞ്ജു റജി നടി
തൃക്കരിപ്പൂർ: മാണിയാട്ട് കോറസ് കലാസമിതിയുടെ എട്ടാമത് എൻ.എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നാടകമായി തിരുവനന്തപുരം സൗപർണ്ണികയുടെ ഇതിഹാസം തിരഞ്ഞെടുത്തു. മികച്ച നടന്മാരായി ഷോബി ആലപ്പുഴ (ഇതിഹാസം), പ്രമോദ് വെളിയനാട് (നളിനാക്ഷന്റെ വിശേഷങ്ങൾ) എന്നിവർ പങ്കിട്ടു. മികച്ച നടിയായി മഞ്ജു റജി (അമ്മ) തിരഞ്ഞെടുത്തു. സംവിധാനം അശോക് ശശി (ഇതിഹാസം). സ്‌പെഷ്യൽ ജൂറി അവാഡ് പ്രിയദർശിനി, വി.ടി സജിത് എന്നിവർക്കാണ്.
ഏറ്റവും മികച്ച ജനപ്രിയ നാടകമായി നളിനാക്ഷന്റെ വിശേഷങ്ങൾ തിരഞ്ഞെടുത്തു. രാജ്‌മോഹൻ നീലേശ്വരം, ഉദിനൂർ ബാലഗോപാലൻ, സുനിൽ ചെറിയാൻ എന്നിവരാണ് ജൂറി അംഗങ്ങൾ. വൈകീട്ട് നടന്ന സമാപനചടങ്ങ് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം ബിജുമേനോൻ വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി അധ്യക്ഷത വഹിച്ചു. എൻ.എൻ പിള്ള സ്മാരക നാടക പുരസ്കാരം മരട് ജോസഫ് ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ മികവുതെളിയിച്ച പി.വി കുട്ടൻ, എം. രാഘവൻ എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. മഹേഷ്, വിനയൻ പിലിക്കോട്, പ്രദീപ് പിലിക്കോട്, ആദിത്യബാബു, അൻവിദ അനിൽ എന്നിവരെ ആദരിച്ചു. എൻ.എൻ പിള്ളയുടെ മകൻ വിജയരാഘവൻ, ഡിവൈ. എസ്.പി കെ.വി വേണുഗോപാൽ, വി.കെ അനിൽ കുമാർ, രവീന്ദ്രൻ കൊടക്കാട്, വി.വി നാരായണൻ സംസാരിച്ചു. ടി.വി ബാലൻ സ്വാഗതവും കെ.വി സുരേഷ് നന്ദിയും പറഞ്ഞു.